Site icon Malappuram Vaartha

കാർഡുകൾക്കൊപ്പം യുപിഐ പിന്തുണയും; ആപ്പിൾ പേ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ടെക് ഭീമനായ ആപ്പിളിന്റെ ഡിജിറ്റൽ പേയ്‌മെന്റ് സേവനമായ ‘ആപ്പിൾ പേ’ (Apple Pay) ഒടുവിൽ ഇന്ത്യയിലേക്കും എത്തുന്നു. ഒക്ടോബറോടെ ആപ്പിൾ പേ ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനി തയാറെടുക്കുന്നതായി ബ്ലൂംബെർഗിന്റെ പ്രമുഖ ടെക് ജേണലിസ്റ്റ് മാർക്ക് ഗുർമാൻ റിപ്പോർട്ട് ചെയ്തു.

2014-ൽ യുഎസിൽ തുടങ്ങിയ സേവനമാണെങ്കിലും, ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഇടപാട് വിപണികളിലൊന്നായ ഇന്ത്യയിൽ ഇതുവരെ ആപ്പിൾ പേ ലഭ്യമായിരുന്നില്ല. ഇന്ത്യൻ ബാങ്കുകളുമായും പേയ്‌മെന്റ് നെറ്റ്‌വർക്കുകളുമായും ആപ്പിൾ നടത്തിവന്ന മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ പുതിയ നീക്കം.

യുപിഐ പിന്തുണയും ഒപ്പം കാർഡുകളും

കാർഡ് വഴിയുള്ള പേയ്‌മെന്റുകൾക്ക് പുറമെ ഇന്ത്യയുടെ യുപിഐ (Unified Payments Interface) സംവിധാനത്തെയും ആപ്പിൾ പേ പിന്തുണയ്ക്കുമെന്നാണ് ഗുർമാന്റെ ഏറ്റവും പുതിയ ‘പവർ ഓൺ’ (Power On) ന്യൂസ്‌ലെറ്ററിൽ വ്യക്തമാക്കുന്നത്.

ഇതോടെ, പ്രത്യേക പേയ്‌മെന്റ് ആപ്പുകൾ തുറക്കാതെ തന്നെ ഫേസ് ഐഡി (Face ID) അല്ലെങ്കിൽ ടച്ച് ഐഡി (Touch ID) ഉപയോഗിച്ച് ആപ്പിൾ ഡിവൈസുകൾ വഴി നേരിട്ട് യുപിഐ ഇടപാടുകളും കോൺടാക്റ്റ്‌ലെസ് കാർഡ് ഇടപാടുകളും നടത്താനാകും.

തുടക്കം ആക്സിസ് ബാങ്കിലൂടെ?

എന്നാൽ, സർവീസ് ലോഞ്ച് ചെയ്യുന്ന ഘട്ടത്തിൽ തന്നെ യുപിഐ ലഭ്യമാകുമോ എന്നതിൽ ചില അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളുമായി സഹകരിച്ചാകും ആപ്പിൾ പേയുടെ ആദ്യ ഘട്ട അവതരണമെന്ന് കഴിഞ്ഞയാഴ്ച റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ തുടങ്ങിയ പ്രമുഖ ബാങ്കുകളുമായി ആപ്പിൾ ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും ഇതുവരെ അന്തിമ കരാറിലെത്തിയിട്ടില്ല. അതിനാൽ തുടക്കത്തിൽ യുപിഐ ഇല്ലാതെ കാർഡ് ഇടപാടുകൾ മാത്രമായിട്ടായിരിക്കുമോ സർവീസ് ആരംഭിക്കുക എന്ന കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്.

തുടക്കത്തിൽ ആക്സിസ് ബാങ്കുമായി സഹകരിച്ച് പ്രവർത്തനം ആരംഭിച്ച്, പിന്നീട് മറ്റ് ബാങ്കുകളിലേക്കും കൂടുതൽ ഉപഭോക്താക്കളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് ആപ്പിൾ പദ്ധതിയിടുന്നത്.

Exit mobile version