Site icon Malappuram Vaartha

വെസ്റ്റേൺ ക്ലോസറ്റിനു പകരം ഇന്ത്യൻ ടോയ്‌ലറ്റ്; 333 രൂപയുടെ റെയിൽവേ മുറി ബുക്ക് ചെയ്ത വയോധികന് 20,000 രൂപ നഷ്ടപരിഹാരം

AI Generated Image

ചണ്ഡിഗഡ്: ഐആർസിടിസി (IRCTC) പോർട്ടലിൽ വെസ്റ്റേൺ ടോയ്‌ലറ്റ് ഉണ്ടെന്നു കണ്ട് റെയിൽവേ റിട്ടയറിങ് റൂം ബുക്ക് ചെയ്ത് ഒടുവിൽ ചതിക്കപ്പെട്ട 72-കാരന് 20,000 രൂപ നഷ്ടപരിഹാരം അനുവദിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ബുക്കിങ് തുകയായ 333 രൂപ തിരികെ നൽകാതിരുന്ന റെയിൽവേയ്ക്കും ഐആർസിടിസിക്കും കൂടിയാണ് ചണ്ഡിഗഡ് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്റെ കനത്ത പ്രഹരം.

സംഭവം ഇങ്ങനെ:

2024 മേയ് 12-ന് ഭാർതേന്ദു സൂദ് എന്ന 72-കാരൻ ചിത്തോർഗഡ് റെയിൽവേ സ്റ്റേഷനിലെ റിട്ടയറിങ് റൂം ഐആർസിടിസി പോർട്ടൽ വഴി 333 രൂപ നൽകി ബുക്ക് ചെയ്തു. പ്രായവും ആരോഗ്യപ്രശ്നങ്ങളും കാരണം വെസ്റ്റേൺ ക്ലോസറ്റ് സൗകര്യമുള്ള മുറിയാണ് ഇദ്ദേഹം തെരഞ്ഞെടുത്തത്. പോർട്ടലിലും ഇതേ സൗകര്യമാണ് രേഖപ്പെടുത്തിയിരുന്നത്.

എന്നാൽ സ്റ്റേഷനിലെത്തി മുറി തുറന്നപ്പോൾ കണ്ടത് ഇന്ത്യൻ ക്ലോസറ്റായിരുന്നു. തനിക്ക് ഉപയോഗിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി അദ്ദേഹം മുറി ഉപയോഗിക്കാതെ താക്കോൽ റെയിൽവേ അധികൃതർക്ക് തിരികെ ഏൽപ്പിച്ചു. പണം തിരികെ നൽകാമെന്ന് ജീവനക്കാർ ആദ്യം ഉറപ്പുനൽകിയെങ്കിലും പിന്നീട് വെസ്റ്റേൺ റെയിൽവേ റീഫണ്ട് നിരസിച്ചു. മുറി ഉപയോഗിച്ചു എന്ന വിചിത്രമായ ന്യായീകരണമാണ് റെയിൽവേ നൽകിയത്.

നിയമപോരാട്ടവും ഉത്തരവും:

സേവനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ഭാർതേന്ദു സൂദ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു. ജില്ലാ ഫോറം ആദ്യം 3,000 രൂപ നഷ്ടപരിഹാരവും പലിശയും വിധിച്ചെങ്കിലും ഈ തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം സംസ്ഥാന കമ്മീഷനിൽ അപ്പീൽ നൽകി.

ഐആർസിടിസിയും റെയിൽവേയും പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംസ്ഥാന കമ്മീഷൻ അത് തള്ളി. വാഗ്ദാനം ചെയ്ത സൗകര്യം നൽകാതിരുന്നതും ന്യായമായ റീഫണ്ട് നൽകാതെ ഉപഭോക്താവിനെ ബുദ്ധിമുട്ടിച്ചതും ഗുരുതരമായ വീഴ്ചയാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

തുടർന്ന്, ജില്ലാ ഫോറം അനുവദിച്ച 3,000 രൂപയുടെ നഷ്ടപരിഹാരം 20,000 രൂപയായി ഉയർത്താൻ ജസ്റ്റിസ് പദ്മ പാണ്ഡെ, രാജേഷ് കെ. ആര്യ എന്നിവരടങ്ങിയ കമ്മീഷൻ ഉത്തരവിട്ടു. കൂടാതെ, ബുക്കിങ് തുകയായ 333 രൂപ 9% പലിശയോടെ തിരികെ നൽകാനും 30 ദിവസത്തിനകം തുക നൽകിയില്ലെങ്കിൽ ഉയർന്ന പലിശ ഈടാക്കാനും ഉത്തരവിൽ വ്യക്തമാക്കുന്നു.

Exit mobile version