Site icon Malappuram Vaartha

പെയേർഡ് കിഡ്നി എക്സ്ചേഞ്ച് ചികിത്സാരംഗത്തെ മികവ്: കോട്ടക്കൽ ആസ്റ്റർ മിംസിന് അന്താരാഷ്ട്ര അംഗീകാരം

കോട്ടക്കൽ ആസ്റ്റർ മിംസ് സി.എം.സ് ഡോ. ഹരി പി.എസ് നെഫ്രോളജി വിഭാഗം ഡോ. രഞ്ജിത്ത് നാരായണൻ, ഡോ. സജീഷ് ശിവദാസ്, ഡോ. ഷൈസിൽ ഷഫീക് ടി.എം, ഡോ. പ്രസൂൺ സെബാസ്റ്റ്യൻ, ട്രാൻസ്‌പ്ലാന്റ് കോർഡിനേറ്റർ അജിത് ദേവസ്യ എന്നിവരെ അനുമോദിക്കുന്നു

കോട്ടക്കൽ: യു.എസ് കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ അലയൻസ് ഫോർ പെയേർഡ് കിഡ്നി ഡൊണേഷൻ (എ.പി.കെ.ഡി) സംഘടനയുടെ സ്റ്റാർ സ്വാപ്പ് ട്രാൻസ്പ്ലാന്റ് സെന്റർ പുരസ്കാരം കോട്ടക്കൽ ആസ്റ്റർ മിംസിന്. വൃക്ക മാറ്റിവെക്കൽ ചികിത്സാരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കും സങ്കീർണ്ണമായ പെയേർഡ് കിഡ്നി എക്സ്ചേഞ്ച് ട്രാൻസ്പ്ലാന്റുകളിലൂടെ നിരവധി ജീവനുകൾ സംരക്ഷിച്ചതിനുമുള്ള അം​ഗീകാരമായാണ് പുരസ്കാരം. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ എ.പി.കെ.ഡി ഇന്ത്യ മേധാവി ഡോ. ശ്രീധർ ഹഞ്ചിനാൾ, ഇന്ത്യ ആൻഡ് മിഡിൽ ഈസ്റ്റ് ഡയറക്ടർ ട്രില്ലി റേച്ചൽ മാത്യൂസ് എന്നിവരിൽ നിന്ന് കോട്ടക്കൽ ആസ്റ്റർ മിംസ് നെഫ്രോളജി വിഭാഗം ഡോ. രഞ്ജിത്ത് നാരായണൻ, ഡോ. സജീഷ് ശിവദാസ്, ഡോ. ഷൈസിൽ ഷഫീക് ടി.എം, ഡോ. പ്രസൂൺ സെബാസ്റ്റ്യൻ, ട്രാൻസ്‌പ്ലാന്റ് കോർഡിനേറ്റർ അജിത് ദേവസ്യ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

ബ്ലഡ്ഗ്രൂപ്പോ മറ്റ് പ്രതിരോധ ഘടകങ്ങളോ യോജിക്കാത്തതിനാൽ കുടുംബാംഗങ്ങളിൽ നിന്ന് നേരിട്ട് വൃക്ക സ്വീകരിക്കാൻ സാധിക്കാത്ത ഘട്ടങ്ങളിൽ രണ്ട് കുടുംബങ്ങൾ തമ്മിൽ അനുയോജ്യമായ വൃക്കകൾ പരസ്പരം കൈമാറി രോഗിയുടെ ജീവൻ രക്ഷിക്കുന്ന നൂതന ശസ്ത്രക്രിയാ രീതിയാണ് പെയേർഡ് കിഡ്നി എക്സ്ചേഞ്ച്. വൃക്കമാറ്റിവെക്കൽ ആവശ്യമായി വരുന്ന പല രോഗികൾക്കും അനുയോജ്യമായ ദാതാക്കളെ ലഭിക്കാത്തതാണ് ചികിത്സാരംഗത്ത് നേരിടുന്ന പ്രധാന വെല്ലുവിളി. ഇത്തരം സാഹചര്യങ്ങളിൽ വർഷങ്ങളോളം അവയവദാന കാത്തിരിപ്പ് പട്ടികയിൽ തുടരേണ്ടി വരുന്ന രോഗികൾക്ക് അതിവേഗം അനുയോജ്യമായ വൃക്ക ലഭ്യമാക്കാൻ ഈ സംവിധാനം സഹായമാണെന്ന് നെഫ്രോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. രഞ്ജിത്ത് നാരായണൻ പറഞ്ഞു.

മേഖലയിലെ ജനങ്ങൾക്ക് സുരക്ഷിതവും അത്യാധുനികവുമായ ചികിത്സകൾ പ്രാദേശികമായി ലഭ്യമാക്കുക എന്നതാണ് ആശുപത്രിയുടെ പ്രധാന ലക്ഷ്യമെന്ന് കോട്ടക്കൽ ആസ്റ്റർ മിംസ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഹരി പി.എസ് പ്രസ്താവിച്ചു. അനുഭവസമ്പന്നരായ ഡോക്ടർമാരുടെ സേവനവും അത്യാധുനിക അവയവമാറ്റ ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിലൂടെ നിർണായക ഘട്ടങ്ങളിലുള്ള വൃക്കരോഗികളുടെ ദീർഘമായ കാത്തിരിപ്പും നേരിടേണ്ടി വരുന്ന അപകടസാധ്യതകളും ഗണ്യമായി കുറയ്ക്കാൻ സാധിക്കുന്നുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച മെഡിക്കൽ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് മേഖലയിലെ ആരോഗ്യരംഗത്ത് പ്രകടമായ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് ആസ്റ്റർ മിംസ് മാനേജ്മെന്റ് വ്യക്തമാക്കി.

Exit mobile version