ദുബായ് ∙ സൗദി അറേബ്യൻ തലസ്ഥാനമായ റിയാദും തെക്കൻ നഗരമായ ഖമീസ് മുശൈത്തും ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്ത ഡ്രോണുകളും മിസൈലുകളും പ്രതിരോധസേന വെടിവച്ചിട്ടു. ആക്രമണശ്രമത്തിന് പിന്നാലെ സൗദി അറേബ്യ, തുർക്കി, പാക്കിസ്ഥാൻ സൈനികമേധാവികൾ റിയാദിൽ അടിയന്തര യോഗം ചേർന്ന് സുരക്ഷാസാഹചര്യങ്ങൾ വിലയിരുത്തി. സംയുക്ത സൈനികസഹായം ഉറപ്പാക്കുന്ന സുപ്രധാന പ്രതിരോധക്കരാറിൽ മൂന്നു രാജ്യങ്ങളും കഴിഞ്ഞ മാസം ഒപ്പുവച്ചിരുന്നു.
അതേസമയം, ഗൾഫ് മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന സമാധാനനീക്കങ്ങൾ പ്രതിസന്ധിയിലായി. ഹോർമുസ് കടലിടുക്ക് ഒരാഴ്ചയ്ക്കകം തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവച്ച ഉപാധികൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ഇറാനെതിരെയുള്ള നാവിക ഉപരോധം പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ട്രംപ് നിരസിച്ചത്. ജൂണിൽ യുഎസും ഇറാനും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ ധാരണയിലെ വ്യവസ്ഥകൾ മാത്രമാണ് ന്യൂയോർക്ക് ചർച്ചയിലും ഉന്നയിച്ചതെന്നും പുതിയ ആവശ്യങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
ഇതിനിടെ, ഇറാനിയൻ വിമാനങ്ങൾക്കെതിരായ ഉപരോധത്തിൽ ഇളവ് അനുവദിക്കണമെന്ന് ഇറാഖ് യുഎസിനോട് അഭ്യർഥിച്ചു. വ്യോമയാന നിയന്ത്രണം കർശനമായതോടെ വിദ്യാർഥികൾ, രോഗികൾ, തീർഥാടകർ എന്നിവരുൾപ്പെടെയുള്ള യാത്രക്കാർ വലിയ ദുരിതത്തിലാണെന്ന് ഇറാഖ് ചൂണ്ടിക്കാട്ടി.

