മലപ്പുറം: പുതിയ വൈദ്യുതി കണക്ഷനെടുക്കാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കുക. കണക്ഷൻ ഫീസ് ഈടാക്കുന്ന രീതിയിൽ മാറ്റം വരുത്തി. കിലോവാട്ട്/കണക്ടഡ് ലോഡ് അടിസ്ഥാനത്തിലുള്ള പുതിയ നിരക്ക് ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ചില കണക്ഷനുകൾക്ക് ഫീസ് കുറയുമ്പോൾ മറ്റു ചിലതിന് ചെലവേറും.
ഇതുവരെ പോസ്റ്റ്, കേബിൾ, മറ്റ് ആവശ്യമായ സാമഗ്രികൾ എന്നിവയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയായിരുന്നു കണക്ഷൻ ചാർജ് നിശ്ചയിച്ചിരുന്നത്. ഇനി ആവശ്യമായ കിലോവാട്ടിന്റെ അടിസ്ഥാനത്തിലാകും പ്രധാനമായും ഫീസ് കണക്കാക്കുക. റെഗുലേറ്ററി കമ്മിഷനാണ് പുതിയ രീതിക്ക് അംഗീകാരം നൽകിയത്.
നിലവിലെ വൈദ്യുതി ലൈനിൽനിന്ന് 200 മീറ്റർ വരെ ദൂരത്തിലുള്ള കണക്ഷനുകൾക്ക് പുതിയ നിരക്ക് ബാധകമാകും. പോസ്റ്റും അധിക വയറിങ്ങും ആവശ്യമായ കണക്ഷനുകൾക്ക് നിലവിലെ രീതിയെ അപേക്ഷിച്ച് നിരക്ക് കുറയാനും സാധ്യതയുണ്ട്. 200 മീറ്ററിന് മുകളിലുള്ള കണക്ഷനുകളിൽ പോസ്റ്റും മറ്റ് സാമഗ്രികളും ആവശ്യമായാൽ നിലവിലെ എസ്റ്റിമേറ്റ് രീതി തുടരും. കണക്ഷന് അപേക്ഷ നൽകുമ്പോൾ തന്നെ ഫീസ് അടയ്ക്കാനുള്ള സൗകര്യവും പുതിയ സംവിധാനത്തിൽ ലഭ്യമാകും.
വീട്ടിലേക്ക് പുതിയ കണക്ഷൻ എടുക്കുന്നവർ അറിയേണ്ട നിരക്കുകൾ:
ഗാർഹിക വിഭാഗത്തിൽ 2 കിലോവാട്ട് വരെ സിംഗിൾഫേസ് കണക്ഷന് ₹2,000 ആണ് പുതിയ നിരക്ക്. നേരത്തെ 5 കിലോവാട്ട് വരെ ₹1,740 ആയിരുന്നു.
ഗാർഹികേതര എൽ.ടി. സിംഗിൾഫേസ് കണക്ഷന് 1 കിലോവാട്ട് വരെ ₹2,500, 2 കിലോവാട്ട് വരെ ₹3,000 എന്നിങ്ങനെയാണ് നിരക്ക്.
സിംഗിൾഫേസ് 2 മുതൽ 5 കിലോവാട്ട് വരെ ₹5,000, ത്രീഫേസ് 5 മുതൽ 7 കിലോവാട്ട് വരെ ₹8,000, 7 മുതൽ 10 കിലോവാട്ട് വരെ ₹10,000 എന്നിങ്ങനെയും നൽകണം.
നിലവിലുള്ള സിംഗിൾഫേസ് കണക്ഷൻ ത്രീഫേസിലേക്ക് മാറ്റുന്നതിന് കിലോവാട്ടിന് ₹700 വീതമാണ് ഫീസ്.
ത്രീഫേസ് കണക്ഷനിൽ 10–30 കിലോവാട്ടിന് ₹1,560, 30–40 കിലോവാട്ടിന് ₹2,890, 40–50 കിലോവാട്ടിന് ₹4,225, 50–100 കിലോവാട്ടിന് ₹5,670 എന്നിങ്ങനെയാണ് കിലോവാട്ടിന് നിരക്ക്.
എച്ച്.ടി. കണക്ഷന് കെ.വി.എയ്ക്ക് ₹1,800 വീതം നൽകണം. പരമാവധി ₹5 ലക്ഷം വരെയാണ് ഫീസ്.

