എടക്കര (മലപ്പുറം): ടാപ്പിങ്ങിനെത്തിയ തൊഴിലാളിയെ കാട്ടാന അരമണിക്കൂറോളം പിന്തുടര്‍ന്നു. കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മൂത്തേടം ചോളമുണ്ട ചുള്ളിക്കുളവന്‍ റഫീഖാണ് കാട്ടാനയുടെ മുന്നില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെ പുലര്‍ച്ചെ റബര്‍ തോട്ടത്തിലാണ്സംഭവം. വീടിന് സമീപത്തെ സ്വന്തം തോട്ടത്തില്‍ ടാപ്പിങ്ങിനായി എത്തിയതായിരുന്നു റഫീഖ്. വീടിന് ഏകദേശം 300 മീറ്റര്‍ അകലെയുള്ള തോട്ടത്തിലെത്തിയപ്പോഴാണ് മറഞ്ഞുനിന്നിരുന്ന കാട്ടാന റഫീഖിനെ പിന്തുടര്‍ന്നത്. റഫീഖ് തോട്ടത്തിലൂടെ ഓടി സമീപത്തുള്ള സഹോദരീഭര്‍ത്താവ് വടക്കന്‍ അലിയുടെ വീടിനടുത്തെത്തിയെങ്കിലും കാട്ടാന പിന്തുടരുന്നു. വീടിന് ചുറ്റും ആനയുടെ മുന്നില്‍നിന്ന് ഓടുന്നതിനിടെയാണ് റഫീഖ് രക്ഷപ്പെട്ടത്. തുടര്‍ന്ന് പ്രകോപിതനായ കാട്ടാന അലിയുടെ വീടിന്റെ ബാത്ത്‌റൂമിന്റെ വാതില്‍ കുത്തിപ്പൊളിച്ചു. മൂത്തേടം മേഖലയിലെ കാട്ടാനയ്ക്ക് പുറമെ കടുവ, പുലി തുടങ്ങിയ മൃഗങ്ങളുടെയും സാന്നിധ്യം മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കര്‍ഷക സംഘം ഭാരവാഹികള്‍ സന്ദര്‍ശിച്ചു
ടാപ്പിങ് തൊഴിലാളിയെ കാട്ടാന ആക്രമിച്ച പ്രദേശം കര്‍ഷക സംഘം ഭാരവാഹികള്‍ സന്ദര്‍ശിച്ചു. മൂത്തേടം ചോളമുണ്ട ചുള്ളിക്കുളവന്‍ റഫീഖിനെയാണ് കഴിഞ്ഞ ദിവസം കാട്ടാന ആക്രമിക്കാന്‍ ശ്രമിച്ചത്. പ്രദേശത്ത് വന്യജീവി ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തില്‍ വനം വകുപ്പ് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കര്‍ഷക സംഘം ജില്ല എക്‌സിക്യൂട്ടീവ് എ.ടി. റെജി, ഏരിയ സെക്രട്ടറി വി.കെ. ഷാനവാസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സി.എ. ചന്ദ്രന്‍ , വി.ജെ. ജോസഫ്, ലോക്കല്‍ സെക്രട്ടറി പനോലന്‍ ബഷീര്‍, വി.വൈ. ജംഷീര്‍, കെ. വേണുഗോപാല്‍, ടി. ഷറഫുദ്ദീന്‍ എന്നിവര്‍ണ് സ്ഥലം സന്ദര്‍ശിച്ചത്.

