Site icon Malappuram Vaartha

13 കിലോ എം.ഡി.എം.എ: രാജ്യാന്തര മാഫിയ സംഘം പിടിയിൽ

മലപ്പുറം: ഓപറേഷൻ തൂഫാന്റെ ഭാഗമായി പത്ത് കോടിയോളം വിലവരുന്ന 13 കിലോ എം.ഡി.എം.എ മലപ്പുറത്ത് പിടികൂടിയ സംഭവത്തിൽ രാജ്യാന്തര മാഫിയ സംഘത്തെ കേരള പൊലീസ് പിടികൂടി. മഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കേസിൽ മലപ്പുറം നടുവട്ടം സ്വദേശി ഹാരിസ് (37), കിങ് മേക്കർ എന്നറിയപ്പെടുന്ന വയനാട് വടുവഞ്ചാൽ സ്വദേശി അഖിൽ ജോയി (32), പാലക്കാട് കൊപ്പം സ്വദേശി സലാഹുദ്ദീൻ (26) എന്നിവരെ ബിഹാറിലെ ഭാഗൽപൂരിൽ നിന്നും, തമിഴ്നാട് ഉദകമണ്ഡലം സ്വദേശി കാർത്തിക്കിനെ (32) ചെന്നൈയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

ഉത്തരേന്ത്യയിൽ വേരുകളുള്ള ലഹരി മാഫിയ സംഘത്തിലെ മുഖ്യസൂത്രധാരനാണ് അറസ്റ്റിലായ ഹാരിസ്. ഇതോടെ കേരളത്തിലേക്കുള്ള ലഹരിക്കടത്തിന്റെ നിർണായക കണ്ണികളാണ് വലയിലായിരിക്കുന്നത്.

മലപ്പുറം ജില്ല പൊലീസ് മേധാവി ചൈത്രാ തെരേസാ ജോണിന്റെ നേതൃത്വത്തിൽ മലപ്പുറം ഡിവൈ.എസ്പി സുഭാഷ് ബാബു, നാർക്കോട്ടിക് ഡിവൈ.എസ്പി എൻ.ഒ. സിബി എന്നിവരെയും ഡാൻസാഫ് അംഗങ്ങളെയും ഉൾപ്പെടുത്തി മൂന്ന് സംഘങ്ങളായി തിരിഞ്ഞു. ഡൽഹി, നോയിഡ, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ നഗരങ്ങൾ കേന്ദ്രീകരിച്ച് ഒരാഴ്ചയോളം അന്വേഷണം നടത്തിയതിൽനിന്നാണ് പ്രതികളുടെ രഹസ്യതാവളങ്ങൾ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്ക് ലഹരിയെത്തിക്കുന്ന കണ്ണികളെക്കുറിച്ചുള്ള സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Exit mobile version