Malappuram

തദ്ദേശ ഉപതെരഞ്ഞെടുപ്പ്:  മലപ്പുറം ജില്ലയിൽ രണ്ടിടത്ത് യു.ഡി.എഫ്, രണ്ടിടത്ത് എൽ.ഡി.എഫ്

വേങ്ങര, താനാളൂർ പഞ്ചായത്തുകളിലെ വാർഡുകൾ യു.ഡി.എഫ് നിലനിർത്തി

മലപ്പുറം: ജില്ലയിലെ നാല് പഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും രണ്ട് സീറ്റുകൾ വീതം. വേങ്ങര, താനാളൂർ പഞ്ചായത്തുകളിലെ വാർഡുകൾ യു.ഡി.എഫ് നിലനിർത്തിയപ്പോൾ മങ്കട, കാലടി പഞ്ചായത്തുകളിൽ എൽ.ഡി.എഫ് വിജയിച്ചു.
വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.പി. ഹസീന ഫസൽ 808 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 944 വോട്ടാണ് ഹസീന നേടിയത്. എൽ.ഡി.എഫ് സ്ഥാനാർഥി യു.പി. സുഭാഷിന് 136 വോട്ട് ലഭിച്ചു. മുൻ വാർഡ് അംഗമായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
മങ്കട ഗ്രാമപഞ്ചായത്തിലെ നാലാം വാർഡായ കടന്നമണ്ണയിൽ എൽ.ഡി.എഫ് സീറ്റ് നിലനിർത്തി. സി.പി.ഐ സ്ഥാനാർഥി പാത്തുട്ടി അബ്ദുറഹിമാൻ പൂന്തോട്ടത്തിൽ 49 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പാത്തുട്ടിക്ക് 634 വോട്ടും യു.ഡി.എഫ്-വെൽഫെയർ പാർട്ടി സഖ്യ സ്ഥാനാർഥി റസിയ പൂന്തോട്ടത്തിലിന് 585 വോട്ടും ലഭിച്ചു.
താനാളൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ മൂലക്കലിൽ യു.ഡി.എഫ് സ്ഥാനാർഥി വി.പി.ഒ. ബുഷറ 488 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുസ്‌ലിം ലീഗ് സ്ഥാനാർഥിയായ ബുഷറയ്ക്ക് 708 വോട്ട് ലഭിച്ചപ്പോൾ സുധ രാമചന്ദ്രന് 220 വോട്ടും വി.പി. ഗോപിനാഥിന് 181 വോട്ടും ലഭിച്ചു.
പൊന്നാനി താലൂക്കിലെ കാലടി ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ വെറൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി അഭിലാഷ് 341 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അഭിലാഷിന് 615 വോട്ടും യു.ഡി.എഫ് സ്ഥാനാർഥി ടി.പി. ചിത്രന് 274 വോട്ടുമാണ് ലഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!