India

വിജയ് സർക്കാരിന് വീണ്ടും തിരിച്ചടി; ക്രമസമാധാന വകുപ്പിന് വിവരാവകാശ നിയമത്തിൽ നൽകിയ ഇളവ് പിൻവലിച്ചു

കേവലം രഹസ്യാന്വേഷണ വിവരങ്ങളോ അതിസുരക്ഷാ നീക്കങ്ങളോ മാത്രമല്ല ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്

ചെന്നൈ: പൊതു ക്രമസമാധാന വകുപ്പിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനുള്ള വിവാദ ഉത്തരവ് മണിക്കൂറുകൾക്കകം പിൻവലിച്ച് സി. ജോസഫ് വിജയ് നയിക്കുന്ന തമിഴ്നാട് സർക്കാർ. സഖ്യകക്ഷികളിൽ നിന്നും മനുഷ്യാവകാശ പ്രവർത്തകരിൽ നിന്നും രൂക്ഷവിമർശനം ഉയർന്നതോടെയാണ് സർക്കാർ നിലപാട് മാറ്റിയത്. അഴിമതിരഹിത ഭരണവും സുതാര്യതയും പ്രധാന ലക്ഷ്യമായി പ്രഖ്യാപിച്ച് അധികാരത്തിലേറിയ തമിഴക വെട്രി കഴകം സർക്കാരിന്റെ മറ്റൊരു നയപരമായ പിന്മാറ്റം കൂടിയാണിത്.

ക്രമസമാധാന വകുപ്പിനെ വിവരാവകാശ നിയമത്തിലെ ചട്ടപ്രകാരം രഹസ്യാന്വേഷണ-സുരക്ഷാ വിഭാഗമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സെപ്റ്റംബർ ഇരുപത്തിയൊന്നിലെ ഉത്തരവാണ് റദ്ദാക്കിയതായി സർക്കാർ അറിയിച്ചത്. ഞായറാഴ്ച രാവിലെ ഈ ഉത്തരവ് സംബന്ധിച്ച വിവരം പുറത്തുവന്നയുടൻ തന്നെ ഭരണപക്ഷത്തെ പിന്തുണയ്ക്കുന്ന കക്ഷികൾ അടക്കം എതിർപ്പുമായി രംഗത്തെത്തിയിരുന്നു. സിപിഐഎം പാർലമെന്റ് അംഗം സു. വെങ്കിടേശൻ, വിടുതലൈ ചിരുതൈകൾ കച്ചി അധ്യക്ഷൻ തോൽ തിരുമാവളവൻ തുടങ്ങിയ നേതാക്കൾ ഈ നീക്കം മനുഷ്യാവകാശ ലംഘനങ്ങൾ മൂടിവെക്കാൻ ഇടയാക്കുമെന്നും ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

വിമർശനത്തിന് ഇടയാക്കിയത് എന്തുകൊണ്ട്?

കേവലം രഹസ്യാന്വേഷണ വിവരങ്ങളോ അതിസുരക്ഷാ നീക്കങ്ങളോ മാത്രമല്ല ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്. കസ്റ്റഡി മരണങ്ങൾ, പൊലീസ് മർദനം, പൊലീസ് വെടിവയ്പ്, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണങ്ങൾ, മുൻകരുതൽ തടങ്കൽ നടപടികൾ, രാഷ്ട്രീയ-സാമുദായിക പ്രക്ഷോഭങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന ഫയലുകളെല്ലാം ക്രമസമാധാന വകുപ്പിന് കീഴിലാണ് വരുന്നത്.

ഇത്തരം രേഖകൾ വിവരാവകാശ പരിധിക്ക് പുറത്താക്കുന്നത് പൗരന്മാരുടെയും മാധ്യമങ്ങളുടെയും പരിശോധനാ അവകാശത്തെ ഇല്ലാതാക്കുമെന്നും സുതാര്യത ഉറപ്പാക്കുമെന്ന മുഖ്യമന്ത്രി വിജയിന്റെ പ്രഖ്യാപനത്തിന് വിരുദ്ധമാണെന്നും മുൻ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഉയർന്ന ശക്തമായ ജനരോഷവും രാഷ്ട്രീയ സമ്മർദ്ദവും കണക്കിലെടുത്താണ് സർക്കാർ ഒടുവിൽ ഉത്തരവ് പിൻവലിക്കാൻ നിർബന്ധിതമായത്.

Shameem VK

Web Journalist

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!