Malappuram
കാറ്റും മഴയും: വാണിയമ്പലത്ത് സ്കൂൾ കെട്ടിടത്തിലെ ഓടുകൾ പറന്നുപോയി
പരീക്ഷ നടന്നുകൊണ്ടിരിക്കുമ്പോഴാണ് കാറ്റടിച്ചത്
വണ്ടൂർ: മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ വാണിയമ്പലം ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ മുകൾനിലയുടെ മേൽക്കൂരയിലെ നൂറിലേറെ ഓടുകൾ പറന്നുപോയി. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെ, പരീക്ഷ നടന്നുകൊണ്ടിരിക്കുമ്പോഴാണ് കാറ്റടിച്ചത്.
ഒന്നാം വർഷ വിദ്യാർഥികൾക്കു പരീക്ഷ നടത്താൻ രണ്ടാംവർഷ ക്ലാസുകൾ നേരത്തേ വിട്ടു മുകൾനിലയിലെ ക്ലാസ് റൂം ഒഴിച്ചിട്ടിരുന്നത് രക്ഷയായി. ഈ ഭാഗത്തെ ക്ലാസ് മുറികളിലും കെട്ടിടത്തിന്റെ വശങ്ങളിലും മുറ്റത്തുമെല്ലാം ഓടുകൾ പതിച്ചു. തൊട്ടുമുന്നിൽ തന്നെയാണു ഗവ.എൽപി സ്കൂളും പ്രവർത്തിക്കുന്നത്.
കഴിഞ്ഞ വർഷവും കാറ്റിൽ മേൽക്കൂരയ്ക്ക് നാശമുണ്ടായിരുന്നു. ഇതു നന്നാക്കിയാണ് പ്രവർത്തനം തുടർന്നത്. പ്രദേശത്ത് പലയിടത്തും കാറ്റിൽ നാശമുണ്ടായിട്ടുണ്ട്. ശാന്തിനഗറിൽ മരം വീണു വൈദ്യുത ലൈൻ പൊട്ടിവീണു. കൊമ്പൻകല്ലിൽ റോഡിൽ മരം വീണു ഗതാഗതം മുടങ്ങി.



