
ഭുവനേശ്വര്‍ (ഒഡീഷ): നിര്‍ണായക ധാതുക്കളുടെ മേഖലയിലും സുസ്ഥിര സാങ്കേതികവിദ്യകളിലും കേരളത്തിന് വലിയ സാധ്യതകളുണ്ടെന്ന് ഭുവനേശ്വറിലെ ശാസ്ത്ര വ്യവസായ ഗവേഷണ കൗണ്‍സിലിന്റെ ധാതുവസ്തു സാങ്കേതിക ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ഡോ. രാമാനുജ് നാരായണ്‍. തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച ഒഡീഷ മാധ്യമപര്യടനത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം സ്ഥാപനം സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിര്‍ണായക ധാതുമേഖലയിലെ മികവിന്റെ കേന്ദ്രമായി കേന്ദ്ര ഖനി മന്ത്രാലയം സ്ഥാപനത്തെ അംഗീകരിച്ചിട്ടുണ്ടെന്നും തന്ത്രപ്രധാനമായ ഈ രംഗത്ത് രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലൊന്നാണിതെന്നും ഡോ. രാമാനുജ് പറഞ്ഞു. നിര്‍ണായക ധാതുക്കളുടെ വേര്‍തിരിച്ചെടുക്കല്‍, സംസ്കരണം, പരമാവധി പ്രയോജനപ്പെടുത്തല്‍ എന്നിവ ദേശീയ മുന്‍ഗണനകളിലൊന്നാണെന്നും ഇതിനായി അത്യാധുനിക ഗവേഷണ സംവിധാനങ്ങള്‍ സ്ഥാപനത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കളിമണ്‍ അധിഷ്ഠിത വ്യവസായ മേഖലയിലും കേരളത്തിന് വലിയ അവസരങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ വനവിസ്തൃതി പ്രധാന കാര്‍ബണ്‍ സംഭരണിയായി പ്രവര്‍ത്തിക്കുന്നതായും ശാസ്ത്രഎന്‍ജിനീയറിങ് മേഖലയിലെ പുരോഗതി കുറഞ്ഞ മലിനീകരണമുള്ള സാങ്കേതികവിദ്യകളുടെ വികസനത്തിന് സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു. പരിസ്ഥിതിക്കും പ്രാദേശിക സമൂഹങ്ങള്‍ക്കും കുറഞ്ഞ ആഘാതം മാത്രമുണ്ടാക്കുന്ന ഇത്തരം സാങ്കേതികവിദ്യകള്‍ സുസ്ഥിര വിഭവ വിനിയോഗത്തിന് സഹായകമാകുമെന്നും കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായി സ്ഥാപനം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളില്‍ വാഴപ്പിണ്ടിയില്നിന്നുള്ള അവശിഷ്ടം ഉപയോഗിച്ച് നിര്‍മിക്കുന്ന ജൈവകല്ക്കരി അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇത് മണ്ണിലെ പൊട്ടാസ്യത്തിന്റെ അളവ് വര്‍ധിപ്പിക്കാനും സുസ്ഥിര കൃഷിക്ക് സഹായിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.



