ബെംഗളൂരുവിലേക്കും നെടുമ്പാശേരിയിലേക്കും ബസുകൾ; മലപ്പുറത്ത് കെഎസ്ആർടിസിയുടെ 8 സർവീസുകൾ തുടങ്ങി
നഗരവികസനത്തിന് സമഗ്ര മാസ്റ്റർപ്ലാൻ: പി.കെ.കുഞ്ഞാലിക്കുട്ടി
മലപ്പുറം ∙ നഗരവികസനത്തിന് വേഗംകൂട്ടാൻ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ സമഗ്ര മാസ്റ്റർപ്ലാൻ തയാറാക്കുമെന്ന് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. കെഎസ്ആർടിസി മലപ്പുറം ഡിപ്പോയിൽ നിന്ന് വിവിധ റൂട്ടുകളിലേക്കായി അനുവദിച്ച 8 പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രധാന റോഡുകളുടെ നവീകരണം ഉൾപ്പെടെയുള്ള പദ്ധതികൾ ഇതിന്റെ ഭാഗമായി നടപ്പാക്കും.
വിദ്യാഭ്യാസ, സാമൂഹിക മേഖലകളിലെ കേരളത്തിന്റെ മാതൃകാപരമായ മുന്നേറ്റം തൊഴിൽ–ഉപജീവന രംഗങ്ങളിലും സാധ്യമാകണമെങ്കിൽ കൂടുതൽ സാമ്പത്തിക വളർച്ചയും അടിസ്ഥാനസൗകര്യ വികസനവും ആവശ്യമാണ്. സ്വകാര്യ നിക്ഷേപങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി എല്ലാ രംഗങ്ങളിലും വികസനമുന്നേറ്റം ഉറപ്പാക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരത്തേക്കുള്ള എസി സർവീസ് ഉൾപ്പെടെ കൂടുതൽ ദീർഘദൂര ബസുകൾ ജില്ലയ്ക്ക് അനുവദിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷ അഡ്വ. റിനിഷ, ഉപാധ്യക്ഷൻ ജിതേഷ് ജി. അനിൽ, വാർഡ് കൗൺസിലർ നജ്മ ഷബീർ, കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ഡോ. പ്രമോദ് ശങ്കർ, അസി. ട്രാൻസ്പോർട്ട് ഓഫിസർ അനസ് തുടങ്ങിയവർ പങ്കെടുത്തു.
പുതിയ സർവീസുകൾ
-
മലപ്പുറം – ബെംഗളൂരു (പാലക്കാട്, കോയമ്പത്തൂർ, ഹൊസൂർ വഴി – സൂപ്പർ ഡീലക്സ്)
-
മലപ്പുറം – നെടുമ്പാശേരി വിമാനത്താവളം (കോട്ടക്കൽ, കുറ്റിപ്പുറം, തൃശൂർ വഴി – എസി ബസ്)
-
മലപ്പുറം – നെടുമ്പാശേരി വിമാനത്താവളം (കോട്ടക്കൽ, തൃശൂർ, അങ്കമാലി വഴി)
-
മലപ്പുറം – കാളികാവ് (മഞ്ചേരി, തിരുവാലി, വണ്ടൂർ വഴിയും ആനക്കയം, പന്തല്ലൂർ, പാണ്ടിക്കാട് വഴിയും – ഓർഡിനറി)
-
മലപ്പുറം – കാലിക്കറ്റ് സർവകലാശാല (ഓർഡിനറി)
-
മഞ്ചേരി – പരപ്പനങ്ങാടി (മലപ്പുറം, പാണക്കാട്, വേങ്ങര, ചെമ്മാട് വഴി – ഓർഡിനറി)
-
മലപ്പുറം – കോഴിക്കോട് (കൊണ്ടോട്ടി, എടവണ്ണപ്പാറ വഴി – ഓർഡിനറി)
-
മഞ്ചേരി – തിരൂർ (ഓർഡിനറി)
ബെംഗളൂരുവിലേക്കുള്ള സർവീസ് ഞായറാഴ്ചയും മറ്റു സർവീസുകൾ തിങ്കളാഴ്ചയും ആരംഭിക്കും.



