HealthMalappuram

ഹൃദയശസ്ത്രക്രിയ കാത്തിരിക്കുന്ന 50 കുരുന്നുകൾക്ക് തണലാകാൻ ‘ഹാർട്ട് ടു ഹാർട്ട് കെയർ’ പദ്ധതി

കാമ്പയിനിൽ പൊതുജനങ്ങൾക്ക് ഒക്ടോബർ 28 വരെ പങ്കാളികളാകാം

കോട്ടക്കൽ: സാമ്പത്തിക പ്രയാസം നേരിടുന്ന 50 കുരുന്നുകൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ ലഭ്യമാക്കാൻ കോട്ടക്കൽ ആസ്റ്റർ മിംസും ആസ്റ്റർ വോളണ്ടിയേഴ്സും ചേർന്ന് സംഘടിപ്പിക്കുന്ന ‘ഹാർട്ട് ടു ഹാർട്ട് കെയർ’ കാമ്പയിനിൽ പൊതുജനങ്ങൾക്ക് ഒക്ടോബർ 28 വരെ പങ്കാളികളാകാം. ലോക ഹൃദയാരോഗ്യ ദിനത്തിൽ കോട്ടക്കൽ റണ്ണേഴ്‌സ് ക്ലബിന്റെ സഹകരണത്തോടെ നടന്ന വാക്കത്തോണിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും ഈ ജീവകാരുണ്യ ദൗത്യത്തിന്റെ ഭാഗമാകാൻ അവസരമുണ്ട്.

പങ്കാളികളാകേണ്ടത് എങ്ങനെ?

നടത്തം, ജോഗിങ്, ട്രെക്കിങ്, സുംബ, ഡാൻസ് അല്ലെങ്കിൽ മറ്റ് വ്യായാമങ്ങളിൽ ഏതിലെങ്കിലും ഏർപ്പെട്ട് കാമ്പയിനിൽ പങ്കുചേരാം.

* 10,000 ചുവടുകൾ പൂർത്തിയാക്കുകയോ അല്ലെങ്കിൽ വ്യായാമത്തിലൂടെ 400 കലോറി ദഹിപ്പിക്കുകയോ ചെയ്യുക.
* ഇതിന്റെ ട്രാക്കിങ് സ്ക്രീൻഷോട്ട് നൽകിയിട്ടുള്ള ക്യുആർ കോഡ് വഴി അപ്‌ലോഡ് ചെയ്യുക.

നിങ്ങൾ പൂർത്തിയാക്കുന്ന ഓരോ വ്യായാമവും കുരുന്നുകളുടെ ഹൃദയശസ്ത്രക്രിയയ്ക്കുള്ള സഹായമായി നൽകുന്നതാണ്.

കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച വാക്കത്തോൺ കോട്ടക്കൽ നഗരസഭാധ്യക്ഷൻ കെ.കെ. നാസർ ഫ്ലാഗ് ഓഫ് ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒരു കുഞ്ഞിനും അടിയന്തര ചികിത്സ നിഷേധിക്കപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് ഈ കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ആസ്റ്റർ വോളണ്ടിയേഴ്‌സ് ടീം ലീഡറും ആസ്റ്റർ മിംസ് അസിസ്റ്റന്റ് മാനേജരുമായ റാഷിഖ് സി. പറഞ്ഞു.

ചടങ്ങിൽ കോട്ടക്കൽ റണ്ണേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. അലവി ഇല്ലിക്കോട്ടിൽ, ലയൻസ് ക്ലബ് പ്രതിനിധികളായ ഡോ. ശശികുമാർ, ഡോ. മുരളീധരൻ എന്നിവർ പങ്കെടുത്തു. ജീവിതശൈലീ മാറ്റങ്ങൾ മൂലം വർധിച്ചുവരുന്ന ഹൃദ്രോഗങ്ങളെ തടയാൻ ക്രമമായ വ്യായാമം അനിവാര്യമാണെന്ന് ബോധവൽക്കരണ ക്ലാസിൽ ഡോ. അലവി ഇല്ലിക്കോട്ടിൽ വ്യക്തമാക്കി.

Shameem VK

Web Journalist

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!