കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിൽ; ഒരു മരണം, നാലുപേരെ കാണാതായെന്ന് സംശയം
മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല
പൂക്കോട്ടുംപാടം (മലപ്പുറം): ചോക്കാട് കോട്ടപ്പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒരു മരണം. മലവെള്ളപ്പാച്ചിലിനെ തുടർന്ന് ഒഴുക്കിൽപ്പെട്ടയാളുടെ മൃതദേഹമാണ് നാട്ടുകാർ നടത്തിയ തിരിച്ചിലിൽ കിട്ടിയത്. മൃതദേഹം പുഴയിൽ നിന്നും കരയ്ക്കെത്തിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഉളർവട്ടം കടവിലും ചോക്കാട് അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പൂക്കോട്ടുംപാടത്തെ ടികെ കോളനി പുഴയിലുമാണ് ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മലവെള്ളപ്പാച്ചിൽ ശക്തമായത്. ആ സമയം പ്രദേശത്ത് മഴയുണ്ടായിരുന്നില്ലെങ്കിലും കാട്ടിൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് പുഴയിൽ ഒഴുക്ക് വർധിച്ചതും വെള്ളപ്പാച്ചിൽ ഉണ്ടായതും.
അഞ്ച് പേരാണ് ഒഴുക്കിൽപ്പെട്ടതെന്നാണ് വിവരം. ഇതിൽ ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ നാലുപേർക്കുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ഫയർഫോഴ്സ്, പോലീസ്, നാട്ടുകാർ, മുങ്ങൽ വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനവും തിരച്ചിലും നടക്കുന്നത്.
ധാരാളം പാറക്കെട്ടുകളുള്ള അപകടസാധ്യതയേറിയ ഈ പുഴയിലേക്ക് സമൂഹമാധ്യമങ്ങളിലെ ദൃശ്യങ്ങൾ കണ്ട് നിരവധി പേരാണ് എത്തുന്നത്. അപകടത്തിൽപ്പെട്ടവർ പ്രാദേശികവാസികളാണോ അതോ പുറത്തുനിന്ന് എത്തിയവരാണോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
പ്രദേശത്ത് ഇരുട്ട് പരന്നത് രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. കൂടുതൽ വെളിച്ച സംവിധാനങ്ങൾ എത്തിച്ച് തിരച്ചിൽ തുടരാനാണ് അഗ്നിരക്ഷാ സേനയുടെ ശ്രമം. നിലമ്പൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘത്തിന് പുറമേ കൂടുതൽ പ്രദേശങ്ങളിൽ നിന്നുള്ള സേനാംഗങ്ങളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.



