AutoAuto NewsIndia

കേരളത്തിൽ ഫൈൻ; ഗുജറാത്തിൽ സർക്കാർ വക മോഡിഫിക്കേഷൻ!

രക്ഷാപ്രവർത്തനത്തിന് ഹൈലക്സ് 'മോഡിഫൈ' ചെയ്ത് അഹമ്മദാബാദ് ഫയർഫോഴ്സ്

അഹമ്മദാബാദ്: പരുക്കൻ റോഡുകളിലും മലയിടുക്കുകളിലും അനായാസം പാഞ്ഞുനടക്കുന്ന ടൊയോട്ടയുടെ കരുത്തൻ പിക്കപ്പ് ഹൈലക്സ് ഇനി അടിയന്തര രക്ഷാപ്രവർത്തനങ്ങളിലും മുൻനിരയിൽ. ഗുജറാത്തിലെ അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസ് (AFES) അത്യാധുനിക സജ്ജീകരണങ്ങളോടെ മോഡിഫൈ ചെയ്ത 15 ടൊയോട്ട ഹൈലക്സ് വാഹനങ്ങൾ സേനയുടെ ഭാഗമാക്കി. വലിയ ഫയർ എൻജിനുകൾക്ക് കടന്നുചെല്ലാൻ കഴിയാത്ത ഇടുങ്ങിയ വഴികളിലും ദുരന്തമുഖങ്ങളിലും മിന്നൽവേഗത്തിൽ സഹായമെത്തിക്കുകയാണ് ലക്ഷ്യം.

കേരളത്തിൽ കഴിഞ്ഞ പ്രളയകാലങ്ങളിലും പ്രകൃതിദുരന്തങ്ങളിലും ആളുകളുടെ ജീവൻ രക്ഷിക്കാൻ സന്നദ്ധപ്രവർത്തകർ മോഡിഫൈ ചെയ്ത ഓഫ്-റോഡ് വാഹനങ്ങളുമായി രംഗത്തിറങ്ങിയപ്പോൾ മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയത് വലിയ വിവാദമായിരുന്നു. ദുരന്തമുഖത്ത് ജനങ്ങളെ സഹായിക്കാൻ ഓടിയെത്തിയ വാഹനങ്ങൾക്ക് ‘നിയമവിരുദ്ധ രൂപമാറ്റം’ ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയ നടപടി വലിയ ജനരോഷത്തിന് വഴിവെച്ചിരുന്നു. എന്നാൽ ഇതിൽനിന്നു തികച്ചും വ്യത്യസ്തമായി, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാൻ വാഹനം നേരിട്ട് മോഡിഫൈ ചെയ്ത് ഔദ്യോഗികമായി സേനയുടെ ഭാഗമാക്കിയിരിക്കുകയാണ് ഗുജറാത്ത് സർക്കാർ.

അത്യാധുനിക ഉപകരണങ്ങളുമായി കരുത്തൻ ഹൈലക്സ്

ഏകദേശം 19.74 കോടി രൂപ ചെലവഴിച്ചാണ് 15 ഹൈലക്സ് റാപ്പിഡ് റെസ്പോൺസ് വാഹനങ്ങൾ അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ സേനയ്ക്കായി ഒരുക്കിയത്. ഇതിനുപുറമെ, പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനായി 3.40 കോടി രൂപ ചെലവിൽ 10 എഞ്ചിൻ ബോട്ടുകളും കോർപറേഷൻ വാങ്ങിയിട്ടുണ്ട്.

2.8 ലിറ്റർ ടർബോ ഡീസൽ എൻജിൻ കരുത്തുപകരുന്ന (204 പി.എസ് കരുത്തും 500 എൻ.എം ടോർക്കും) ഫോർ-വീൽ ഡ്രൈവ് ഹൈലക്സിൽ താഴെപ്പറയുന്ന സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്:

  • ഹൈഡ്രോളിക് കട്ടറുകളും സ്പ്രെഡറുകളും: വാഹനാപകടങ്ങളിലും കെട്ടിടങ്ങൾ തകർന്നുവീഴുമ്പോഴും ഉള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ അതിവേഗം പുറത്തെടുക്കാനുള്ള ഉപകരണങ്ങൾ.

  • പോർട്ടബിൾ വെൽഡിങ് & കട്ടിങ് സംവിധാനങ്ങൾ: ദുരന്തമേഖലയിലെ കനത്ത അവശിഷ്ടങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ.

  • ടെലിസ്കോപിക് ലൈറ്റിങ് മാസ്റ്റ്: രാത്രികാലങ്ങളിലോ പുകമൂടിയ സാഹചര്യങ്ങളിലോ വെളിച്ചം നൽകാൻ ഉയർന്ന തീവ്രതയുള്ള എൽ.ഇ.ഡി ഫ്ലഡ് ലൈറ്റുകൾ.

  • റെസ്ക്യൂ കിറ്റുകൾ: റോപ്പ് റെസ്ക്യൂ കിറ്റ്, ലൈഫ് ജാക്കറ്റുകൾ, അടിയന്തര പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ തുടങ്ങിയവ ഇതിൽ സജ്ജമാക്കിയിരിക്കുന്നു.

അപകടം നടന്ന് ആദ്യത്തെ ‘ഗോൾഡൻ അവർ’ അഥവാ നിർണായക സമയത്തിനുള്ളിൽ തന്നെ ദുരന്തമുഖത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഈ കരുത്തൻ വാഹനങ്ങൾക്ക് സാധിക്കുമെന്നാണ് ഫയർഫോഴ്സ് വിഭാഗത്തിന്റെ പ്രതീക്ഷ.

Shameem VK

Web Journalist

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!