ബാർബർ ഷോപ്പിലും തയ്യൽക്കടയിലും ‘എഐ കണ്ണ്’; പ്രതിഫലം മണിക്കൂറിന് ഡോളറുകൾ
എട്ടുമുതൽ പത്ത് മണിക്കൂർ വരെയുള്ള ദൃശ്യങ്ങൾക്ക് 5 മുതൽ 10 ഡോളർ (ഏകദേശം 400 മുതൽ 800 രൂപ വരെ) ഇവർ പ്രതിഫലം നൽകുന്നു
ബെംഗളൂരു: നാലു വർഷമായി ബെംഗളൂരുവിൽ ബാർബറായി ജോലി ചെയ്യുകയാണ് മുഹമ്മദ് ആഷിം. എന്നാൽ 22 വയസ്സുള്ള ഈ യുവാവ് ഇപ്പോൾ മുടിവെട്ടുമ്പോൾ തലയിലൊരു ക്യാമറയും ഘടിപ്പിക്കാറുണ്ട്. കത്രികയും റേസറും ചലിപ്പിക്കുന്ന കൈവിരലുകൾ മാത്രമാണ് ഈ ക്യാമറ ഒപ്പിയെടുക്കുന്നത്; കസേരയിലിരിക്കുന്ന ഇടപാടുകാരുടെ മുഖം അവ്യക്തമായിരിക്കും (ബ്ലർ).
“ജോലി ലളിതമാണെങ്കിലും ശരീരചലനങ്ങളിൽ കർശന അച്ചടക്കം വേണം. കൈകൾ ഫ്രെയിമിന് പുറത്തുപോകരുത്, ആവശ്യത്തിന് വെളിച്ചം വേണം, ജോലി ചെയ്യുമ്പോൾ അവിചാരിതമായി തല വെട്ടിക്കരുത് എന്നിങ്ങനെ ഓപ്പറേഷൻസ് ടീം കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്,” ആഷിം പറയുന്നു. ദിവസം അഞ്ചോ ആറോ മണിക്കൂറാണ് ഇയാൾ ക്യാമറ തലയിൽ വെച്ച് ജോലി ചെയ്യുന്നത്. “നല്ലൊരു വരുമാനം ഇതിലൂടെ കിട്ടുന്നുണ്ട്. അതിലുപരി ഭാവിയുടെ സാങ്കേതികവിദ്യയുടെ ഭാഗമാകുന്നു എന്നതാണ് ആവേശം. എന്റെ റേസർ ഉപയോഗിക്കുന്ന ശൈലി ലോകോത്തര ടെക് കമ്പനികൾക്ക് ഉപകരിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല,” ആഷിം കൂട്ടിച്ചേർക്കുന്നു.
ലോകമെമ്പാടും സ്വന്തം ദൈനംദിന ജോലികൾ ക്യാമറയിൽ പകർത്തി വരുമാനം നേടുന്ന ലക്ഷക്കണക്കിന് തൊഴിലാളികളിൽ ഒരാൾ മാത്രമാണ് ആഷിം. ഇത്തരത്തിൽ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ പ്രാദേശിക കമ്പനികൾ ശേഖരിച്ച് അന്താരാഷ്ട്ര സാങ്കേതിക കമ്പനികൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും കൈമാറുന്നു. യഥാർത്ഥ ലോകത്ത് മനുഷ്യനെപ്പോലെ റോബോട്ടുകൾക്ക് പ്രവർത്തിക്കാൻ പരിശീലനം നൽകുന്ന ‘ഫിസിക്കൽ എഐ’ (Physical AI) വികസിപ്പിക്കാനാണ് ഈ വീഡിയോകൾ ഉപയോഗിക്കുന്നത്.
മനുഷ്യന്റെ പ്രവൃത്തികളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്ന ‘റഷ്ദാൻ ടെക്നോളജീസ്’ സിഇഒ ഷാഹിൽ ബെയ്ഗ് വ്യക്തമാക്കുന്നത് ഇങ്ങനെ: “ഓരോ റോബോട്ടിക്സ് കമ്പനികൾക്കും എഐ ലാബുകൾക്കും വ്യത്യസ്ത തരത്തിലുള്ള ഡാറ്റയാണ് ആവശ്യം. ഫാക്ടറി ജോലികൾ, കൃഷി, വീട്ടുജോലികൾ, മൺപാത്ര നിർമ്മാണം, തയ്യൽ, എംബ്രോയ്ഡറി, മെഴുകുതിരി നിർമ്മാണം എന്നിവയെല്ലാം ഇതിൽപ്പെടും. എവിടെയാണോ ജോലി നടക്കുന്നത്, ഞങ്ങൾ അവിടേക്ക് ചെല്ലുന്നു.“
എട്ടുമുതൽ പത്ത് മണിക്കൂർ വരെയുള്ള ദൃശ്യങ്ങൾക്ക് 5 മുതൽ 10 ഡോളർ (ഏകദേശം 400 മുതൽ 800 രൂപ വരെ) ഇവർ പ്രതിഫലം നൽകുന്നു. തൊഴിലാളികളുടെ സമ്മതത്തോടെ മാത്രമാണ് ഇത് ചെയ്യുന്നതെന്നും മുഖമോ പേരോ മറ്റ് സ്വകാര്യ വിവരങ്ങളോ ഒരിടത്തും വെളിപ്പെടുത്തില്ലെന്നും ബെയ്ഗ് വ്യക്തമാക്കുന്നു. എന്നാൽ ടെക് കമ്പനികളുടെ ആവശ്യങ്ങൾ ഇപ്പോൾ മാറുകയാണ്. കൈകൾ മാത്രമല്ല, ചുറ്റുപാടുകൾ കൂടി പകർത്താൻ നാലു മുതൽ ആറു വരെ ക്യാമറകൾ അടങ്ങിയ ഹെഡ്‌സെറ്റുകൾ ധരിക്കാൻ കമ്പനികൾ ആവശ്യപ്പെടുന്നുണ്ട്. ഇത്തരം സങ്കീർണ്ണമായ ജോലികൾക്ക് കൂടുതൽ പണം നൽകേണ്ടി വരുന്നുണ്ടെന്നും ഈ രംഗത്ത് പുതിയ കമ്പനികൾ അതിവേഗം കടന്നുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എന്തിനാണ് മനുഷ്യന്റെ ഈ ദൃശ്യങ്ങൾ?
കംപ്യൂട്ടറിലെ സാങ്കൽപ്പിക ലോകത്ത് (സിമുലേഷൻ) മാത്രം പരിശീലിപ്പിച്ചാൽ റോബോട്ടുകൾക്ക് യഥാർത്ഥ ലോകത്ത് കൃത്യമായി പ്രവർത്തിക്കാനാകില്ലെന്ന് ഡാറ്റാ കളക്ഷൻ രംഗത്തുള്ള ‘ഹ്യൂമൻ ലാബ്സ്’ (Humyn Labs) സ്ഥാപകൻ മനീഷ് അഗർവാൾ പറയുന്നു. മനുഷ്യൻ ഒരു വസ്തു തൊടുമ്പോഴുള്ള സ്പർശനത്തിന്റെ തീവ്രത അളക്കാൻ ചിലപ്പോൾ വിരലുകളിൽ പ്രത്യേക സെൻസറുകളും ഘടിപ്പിക്കാറുണ്ട്.
“ഒരു പ്ലാസ്റ്റിക് കുപ്പിയും സ്റ്റീൽ ഗ്ലാസും കയ്യിലെടുക്കുമ്പോൾ പ്രയോഗിക്കേണ്ട ബലം വ്യത്യസ്തമാണ്. തോളും കൈമുട്ടും കൈക്കുഴയും വിരലുകളും എത്രത്തോളം ചലിക്കുന്നു, എത്ര ബലം കൊടുക്കുന്നു എന്ന കൃത്യമായ വിവരങ്ങൾ ഇതിന് അത്യന്താപേക്ഷിതമാണ്,” മനീഷ് പറയുന്നു. കിച്ചൺ വൃത്തിയാക്കുന്നതോ ഒരു കാർ അസംബിൾ ചെയ്യുന്നതോ ആയ കൃത്യമായ വിവരങ്ങൾ ഇന്റർനെറ്റിൽ എവിടെയും ലഭ്യമല്ല. ലാറ്റിൻ അമേരിക്കയിലും തെക്കുകിഴക്കൻ ഏഷ്യയിലുമായി 96,000-ത്തോളം ഡാറ്റാ കളക്ടർമാരാണ് ഈ കമ്പനിക്കുള്ളത്.
സ്വന്തം കുഴി തോണ്ടുകയാണോ തൊഴിലാളികൾ?
എന്നാൽ ഭാവിയിൽ തങ്ങളുടെ പണി കളയാൻ പോകുന്ന യന്ത്രങ്ങൾക്കാണോ തൊഴിലാളികൾ പരിശീലനം നൽകുന്നത്? നിലവിൽ ഇതിന് ഉറപ്പിച്ചു മറുപടി പറയാൻ കഴിയില്ലെന്നാണ് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (TISS) സീനിയർ പ്രൊഫസർ ബിനോ പോൾ പറയുന്നത്. “ചിലർക്ക് എഐ ജോലി എളുപ്പമാക്കുന്ന സഹായിയായേക്കാം. എന്നാൽ മറ്റു ചിലരുടെ തൊഴിലുകൾ യന്ത്രങ്ങൾ തട്ടിയെടുക്കും. തങ്ങൾ ചെയ്തുകൊണ്ടിരുന്നത് സ്വന്തം ജോലി നഷ്ടപ്പെടുത്തുന്ന ഒന്നാണെന്ന് തൊഴിലാളികൾ തിരിച്ചറിയുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയേക്കാം. അതുകൊണ്ട് സർക്കാരുകൾ എഐ സാങ്കേതികവിദ്യയിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം,” അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
‘ഇത് നിലനിൽപ്പിന്റെ പോരാട്ടം’
എഐ വരുത്തുന്ന തൊഴിൽ ഭീഷണികളെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുമ്പോഴും, ദിവസവും ഏതാനും ഡോളറുകൾക്കായി ക്യാമറ ധരിക്കാൻ ഇന്ത്യയിലെ തൊഴിലാളികൾക്ക് മടിയില്ല.
ബെംഗളൂരുവിലെ തുണി ഫാക്ടറിയിൽ പത്തു വർഷമായി ജോലി ചെയ്യുന്ന ബിഹാർ സ്വദേശി മുഹമ്മദ് അർമാന്റെ വാക്കുകൾ ഇതാണ്: “എനിക്ക് ഈ ജോലി കണ്ണടച്ച് ചെയ്യാം. 10 വർഷത്തെ പരിചയമുള്ളതുകൊണ്ട് തലച്ചോറ് ചിന്തിക്കും മുൻപേ കൈകൾ തുന്നൽ തുടങ്ങും. നാട്ടിലുള്ള കുടുംബത്തിന് അയക്കാൻ ഓരോ രൂപയും എനിക്ക് വിലപ്പെട്ടതാണ്. നിലനിൽപ്പാണ് പ്രധാനം. ഇത്രയും കാലം ചെയ്ത ജോലി ക്യാമറ ധരിച്ച് ചെയ്യുമ്പോൾ അധികവരുമാനം കിട്ടുമെങ്കിൽ ഞാനെന്തിന് വേണ്ടെന്ന് വെക്കണം?“
ഇന്ത്യ വെറുമൊരു ‘റോ മെറ്റീരിയൽ’ സപ്ലയറായി മാത്രം ഒതുങ്ങിനിൽക്കരുതെന്നും, ഈ ദൃശ്യങ്ങൾ ക്ലീൻ ചെയ്ത് എഐക്ക് ഉപയോഗപ്രദമായ രീതിയിൽ മാറ്റിനൽകുന്ന വലിയ വിപണിയിലേക്ക് രാജ്യം മാറണമെന്നും മനീഷ് അഗർവാൾ ചൂണ്ടിക്കാട്ടുന്നു.
പലർക്കും ഇതൊരു മികച്ച പാർട്ട് ടൈം ജോലി കൂടിയാണ്. ആന്ധ്രാപ്രദേശിലെ ഗുന്തക്കലിൽ നിന്നുള്ള സയൻസ് അധ്യാപിക ജോളി ആരിഫുർ കഴിഞ്ഞ ഏഴു മാസമായി പാചകം ചെയ്യുമ്പോഴും തുണി മടക്കുമ്പോഴും വീട് വൃത്തിയാക്കുമ്പോഴുമെല്ലാം തലയിൽ ക്യാമറ ധരിക്കാറുണ്ട്. “മണിക്കൂറിന് രണ്ടോ മൂന്നോ ഡോളർ വരെ ലഭിക്കും. ദിവസം മൂന്നോ നാലോ മണിക്കൂർ റെക്കോർഡ് ചെയ്താൽ അധ്യാപനത്തിന് പുറമെ നല്ലൊരു തുക കയ്യിലെത്തും,” ജോളി പറയുന്നു.



