Malappuram

നിലമ്പൂരിൽ നാല് വില്ലേജുകൾ പരിസ്ഥിതിലോല പരിധിയിൽ

ഖനനത്തിനും ക്വാറികൾക്കും പൂർണ്ണ നിരോധനം

നിലമ്പൂർ: കരിമ്പുഴ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 44.24 ചതുരശ്ര കിലോമീറ്റർ പ്രദേശം കേന്ദ്ര പരിസ്ഥിതി-വന മന്ത്രാലയം പരിസ്ഥിതിലോല മേഖലയായി (ഇ.എസ്.സെഡ്) വിജ്ഞാപനം ചെയ്തു. സങ്കേതത്തിന്റെ അതിർത്തിയിൽ നിന്ന് പൂജ്യം മുതൽ 3.40 കിലോമീറ്റർ വരെയാണ് നിയന്ത്രണ പരിധി. കരുളായി, കാളികാവ്, വഴിക്കടവ് ഫോറസ്റ്റ് റേഞ്ചുകൾക്ക് പുറമെ വഴിക്കടവ്, മൂത്തേടം, കരുളായി, അമരമ്പലം എന്നീ നാല് വില്ലേജുകളിലെ ചില പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. തെക്കുപടിഞ്ഞാറൻ ഭാഗത്തെ ജനവാസ മേഖലകൾ പരിധിയിൽ വരുന്നുണ്ടെങ്കിലും, ടി.കെ. കോളനി ഉൾപ്പെടെയുള്ള ഇടങ്ങളിലെ കൃത്യമായ അതിർത്തികൾ വ്യക്തമാക്കാത്തത് നാട്ടുകാരിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

വിജ്ഞാപനം നിലവിൽ വന്നതോടെ മേഖലയിൽ വാണിജ്യ ഖനനം, കരിങ്കൽ ക്വാറികൾ, ക്രഷറുകൾ, മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾ, വൻകിട ജലവൈദ്യുത പദ്ധതികൾ, സോമില്ലുകൾ, കോഴി-കന്നുകാലി ഫാമുകൾ എന്നിവ പൂർണ്ണമായി നിരോധിച്ചു. അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ പുതിയ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും അനുമതിയുണ്ടാകില്ല.

അതേസമയം, സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത ഇളവുകളുമുണ്ട്. സ്വന്തം ഭൂമിയിലെ ഭവനനിർമ്മാണം, പരമ്പരാഗത കൃഷി, അടിസ്ഥാന സൗകര്യ വികസനം എന്നിവ നിബന്ധനകളോടെ തുടരാം. ജൈവകൃഷി, മഴവെള്ള സംഭരണം, സൗരോർജ്ജം തുടങ്ങിയവ പ്രോത്സാഹിപ്പിക്കും. അടുത്ത രണ്ട് വർഷത്തിനകം സമഗ്രമായ സോണൽ മാസ്റ്റർ പ്ലാൻ രൂപീകരിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശമുണ്ട്. കലക്ടർ അധ്യക്ഷനായ സമിതിക്കായിരിക്കും നിയമലംഘനങ്ങൾ തടയാനുള്ള മേൽനോട്ട ചുമതല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!