India

ട്രെയിനിൽ ഫോൺ സ്പീക്കറിലിട്ട് പാട്ടുവെച്ചാൽ പണികിട്ടും; പിഴ 5000 രൂപ വരെ, തടവുശിക്ഷയും! 

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ ഫോൺ സ്പീക്കറിലിട്ട് വലിയ ശബ്ദത്തിൽ പാട്ടുവെക്കുന്നവരും വീഡിയോ കാണുന്നവരും ഇനി സൂക്ഷിക്കുക. സഹയാത്രികർക്ക് ശല്യമുണ്ടാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ പിടിമുറുക്കാൻ ദക്ഷിണ റെയിൽവേ കർശന നടപടി തുടങ്ങി. ലംഘിക്കുന്നവർക്ക് 1,000 രൂപ പിഴ ചുമത്തുന്നതിനൊപ്പം ട്രെയിനിൽ നിന്നോ റെയിൽവേ പരിസരങ്ങളിൽ നിന്നോ പുറത്താക്കുകയും ചെയ്യാം. തെറ്റ് ആവർത്തിച്ചാൽ ആറു മാസം വരെ തടവും 5,000 രൂപ വരെ പിഴയും ചുമത്താൻ വ്യവസ്ഥയുണ്ട്.

സഹയാത്രികർക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയിലുള്ള ഇത്തരം പെരുമാറ്റങ്ങൾ തടയാൻ റെയിൽവേ ആക്ടിലെ സെക്ഷൻ 142 (ജൻ വിശ്വാസ് ആക്ട് വഴി ഭേദഗതി ചെയ്തത്) പ്രകാരമാണ് നടപടി. പൊതുശല്യവുമായി ബന്ധപ്പെട്ട ഈ വകുപ്പ് ഉപയോഗിക്കാൻ എല്ലാ ഡിവിഷനുകൾക്കും ദക്ഷിണ റെയിൽവേ നിർദ്ദേശം നൽകി. മറ്റു റെയിൽവേ സോണുകൾക്കും മെട്രോ സംവിധാനങ്ങൾക്കും യാത്രക്കാരുടെ സ്വസ്ഥത ഉറപ്പാക്കാൻ ഈ നിയമം ബാധകമാക്കാവുന്നതാണ്.

ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 270 അനുസരിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടോ തടസ്സമോ അപകടമോ ഉണ്ടാക്കുന്ന പ്രവൃത്തികൾ പൊതുശല്യമായി (Public Nuisance) കണക്കാക്കി ക്രിമിനൽ കുറ്റമായി പരിഗണിക്കും.

സ്മാർട്ട്‌ഫോണുകളിലും ഇന്റർനെറ്റിലും വ്യാപകമായ ലഭ്യത വന്നതോടെ ട്രെയിനുകളിലും സ്റ്റേഷനുകളിലും സ്പീക്കർ ഓൺ ചെയ്ത് വീഡിയോ കാണുന്നതും പാട്ട് കേൾക്കുന്നതും വൻ തോതിൽ വർദ്ധിച്ചിട്ടുണ്ടെന്ന് റെയിൽവേ ബോർഡിന് അയച്ച സർക്കുലറിൽ ദക്ഷിണ റെയിൽവേ ചൂണ്ടിക്കാട്ടി. ഇത് സഹയാത്രികരുടെ സ്വസ്ഥതയും സമാധാനവും കവരുന്നുവെന്ന വ്യാപകമായ പരാതികളെ തുടർന്നാണ് ഇടപെടൽ.

കൂടാതെ, ട്രെയിനുകളിൽ ഉച്ചത്തിലുള്ള സംസാരം, നീണ്ട ഫോൺ കോളുകൾ, ഉയർന്ന ശബ്ദത്തിലുള്ള റിങ്‌ടോണുകൾ എന്നിവ ഒഴിവാക്കണമെന്ന് കാണിച്ച് റെയിൽവേ ബോർഡ് നേരത്തെ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളും സർക്കുലർ ഓർമ്മിപ്പിക്കുന്നു.

നിയമനടപടികളെക്കുറിച്ച് യാത്രക്കാരെ ബോധവൽക്കരിക്കാൻ പ്രാദേശിക ഭാഷകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും സ്റ്റേഷനുകളിൽ അനൗൺസ്‌മെന്റുകൾ നടത്തും. നിയമലംഘനം നടത്തുന്ന യാത്രക്കാരിൽ നിന്ന് 1,000 രൂപ പിഴ ഈടാക്കാൻ ടിക്കറ്റ് പരിശോധകർക്കും (TTE) കൊമേഴ്‌സ്യൽ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും അധികാരം നൽകിയിട്ടുണ്ട്. മെട്രോ ട്രെയിനുകളിലും സമാന രീതിയിൽ ശല്യമുണ്ടാക്കുന്നവർക്കെതിരെ പിഴ ഈടാക്കാനും കോച്ചുകളിൽ നിന്ന് പുറത്താക്കാനും വ്യവസ്ഥയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!