പറക്കും കാർ സ്വപ്നമല്ല, യാഥാർഥ്യം! വായുവിൽ മലക്കംമറിഞ്ഞ് മസ്കിന്റെ ടെസ്ല റോഡ്സ്റ്റർ
വിസ്മയമായി സ്പേസ് എക്സ് റോക്കറ്റ് സാങ്കേതികവിദ്യ

ടെക്സസ്: സയൻസ് ഫിക്ഷൻ സിനിമകളെപ്പോലും വെല്ലുന്ന അദ്ഭുത പ്രകടനവുമായി ഇലോൺ മസ്കിന്റെ സ്വപ്ന പദ്ധതിയായ പുത്തൻ ‘ടെസ്ല റോഡ്സ്റ്റർ’. ആകാശത്തേക്ക് കുതിച്ചുയർന്നും തലകീഴായി പാഞ്ഞും വായുവിൽ മലക്കംമറിഞ്ഞും റോഡ്സ്റ്റർ നടത്തിയ പ്രകടനം ഓട്ടോമൊബൈൽ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. സ്പേസ് എക്സിന്റെ അത്യാധുനിക റോക്കറ്റ് സാങ്കേതികവിദ്യയുടെ കരുത്തിലാണ് ഈ അത്ഭുത കാർ പറന്നുയർന്നത്.
ടെക്സസിലെ സ്പേസ് എക്സ് കേന്ദ്രത്തിൽ നടന്ന തത്സമയ പ്രദർശനത്തിലാണ് പുതിയ തലമുറ റോഡ്സ്റ്ററിന്റെ ഞെട്ടിക്കുന്ന പ്രകടനം അരങ്ങേറിയത്. “ഒടുവിൽ ഭാവിയുടെ പറക്കും കാറുകൾ യാഥാർഥ്യമായിരിക്കുന്നു” എന്ന അടിക്കുറിപ്പോടെ ഇലോൺ മസ്ക് തന്നെയാണ് ഈ അവിശ്വസനീയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
വായുവിൽ പറന്നത് എങ്ങനെ?
പ്രത്യേകം തയ്യാറാക്കിയ വളഞ്ഞ റാംപിലൂടെ അത്യുഗ്രൻ വേഗതയിൽ കുതിച്ചുപാഞ്ഞ കാർ, ഒരു ഘട്ടത്തിൽ തലകീഴായി സഞ്ചരിച്ച ശേഷമാണ് വായുവിലേക്ക് ഉയർന്നത്. ആകാശത്തുവെച്ച് പൂർണ്ണമായും മലക്കംമറിഞ്ഞ വാഹനം യാതൊരു കുലുക്കവുമില്ലാതെ സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്തു.
റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ‘കോൾഡ്-ഗ്യാസ് ത്രസ്റ്റർ’ (Cold-gas thruster) സാങ്കേതികവിദ്യയാണ് കാറിനെ വായുവിൽ ഉയർന്നുനിൽക്കാൻ സഹായിച്ചത്. കാറിൽ ഘടിപ്പിച്ചിട്ടുള്ള 10 ത്രസ്റ്ററുകളിലേക്ക് 600 ലിറ്റർ കംപ്രസ്ഡ് എയറാണ് എത്തിക്കുന്നത്. പരമ്പരാഗത റോക്കറ്റുകളിലെപ്പോലെ ഇന്ധനം കത്തിക്കുന്നതിന് പകരം, ഉയർന്ന മർദ്ദത്തിൽ വാതകം പുറന്തള്ളിയാണ് വാഹനം വായുവിൽ നിയന്ത്രണം നേടുന്നത്. കാറിലുള്ള വാതകത്തിന്റെ അളവിന് അനുസരിച്ചായിരിക്കും ഇതിന്റെ വായുവിലെ പറക്കൽ സമയം.
2017-ൽ റോഡ്സ്റ്റർ ആദ്യമായി അവതരിപ്പിച്ചപ്പോൾ തന്നെ സ്പേസ് എക്സ് റോക്കറ്റ് സാങ്കേതികവിദ്യ ഉൾപ്പെടുത്തിയ വേരിയന്റ് പുറത്തിറക്കുമെന്ന് മസ്ക് പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. നിലവിൽ വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പെർഫോമൻസ് വേരിയന്റിന് ഏകദേശം 47.47 ലക്ഷം രൂപയും (50,000 ഡോളർ), ത്രസ്റ്റ് വേരിയന്റിന് ഏകദേശം 2.37 കോടി രൂപയുമാണ് (2,50,000 ഡോളർ) വില കണക്കാക്കുന്നത്. റോക്കറ്റ് മോഡൽ പ്രത്യേക ക്ഷണം ലഭിച്ചവർക്ക് മാത്രമായിരിക്കും ലഭ്യമാകുക.



