Uncategorized

ഇ.എസ്‌.എ വിജ്ഞാപനം: മലയോര ജീവിതത്തിന് മേൽ നിയന്ത്രണങ്ങളുടെ ഭീഷണി

മലപ്പുറം ജില്ലയിൽ 11 വില്ലേജുകളാണ് പരിസ്ഥിതിലോല മേഖലയായി വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

എടക്കര (മലപ്പുറം): പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല (ഇ.എസ്‌.എ) സംബന്ധിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം മലയോര മേഖലയിലെ കുടിയേറ്റ കർഷകരിലും സാധാരണ ജനങ്ങളിലും കടുത്ത ആശങ്കയുയർത്തുന്നു. ജില്ലയിൽ 11 വില്ലേജുകളാണ് പരിസ്ഥിതിലോല മേഖലയായി വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കുറുമ്പലങ്ങോട്, പോത്തുകൽ, ചുങ്കത്തറ, വഴിക്കടവ്, അകമ്പാടം, കരുളായി, അമരമ്പലം, ചോക്കാട്, കാളികാവ്, കേരള എസ്റ്റേറ്റ്, കരുവാരക്കുണ്ട് എന്നീ വില്ലേജുകളാണ് പട്ടികയിലുള്ളത്. കാലങ്ങളായി ഭൂമി കൈവശംവെച്ച് കൃഷി ചെയ്തും നികുതിയടച്ചും വീടുകളും മറ്റ് കെട്ടിടങ്ങളും നിർമിച്ചും കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ പ്രദേശങ്ങളിലുള്ളത്.

വിജ്ഞാപനം അന്തിമമാകുന്നതോടെ ഇവിടങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്കും മറ്റ് വികസന പ്രവർത്തനങ്ങൾക്കും നിയന്ത്രണം വരുമെന്ന ആശങ്കയാണ് ഉയരുന്നത്. വന്യജീവി സങ്കേതങ്ങളും ജനവാസ മേഖലകളും വേർതിരിച്ച് സംസ്ഥാനത്തെ 31 വില്ലേജുകൾ പൂർണമായും 92 വില്ലേജുകൾ ഭാഗികമായും ഒഴിവാക്കി ഇ.എസ്‌.എ പരിധി 8,590.69 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കണമെന്ന ഭേദഗതി നിർദേശം മുൻ ഇടതുസർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നെങ്കിലും ഇത് അംഗീകരിക്കപ്പെട്ടില്ല.

വില്ലേജുകളെ പൂർണമായും ഇ.എസ്‌.എ പരിധിയിൽ ഉൾപ്പെടുത്തുന്നത് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും നേരിട്ട് ബാധിക്കുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. വ്യവസായ, നിർമാണ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ മലയോര മേഖലയിലെ വികസന പ്രവർത്തനങ്ങളെയും ബാധിച്ചേക്കും. വനയോര മേഖലയിലും വനത്തിനുള്ളിലുമുള്ള ആദിവാസി ഊരുകളിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കും നിയന്ത്രണം വരാനുള്ള സാധ്യതയുണ്ട്. റോഡ് നിർമാണം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതോടെ ഗോത്രവിഭാഗങ്ങളുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാകുമെന്നും ആശങ്കയുണ്ട്.

കൃഷി, വീടുകളുടെ നിർമാണം, ടൂറിസം മേഖലയിലെ പദ്ധതികൾ തുടങ്ങിയവയ്ക്കും നിയന്ത്രണങ്ങൾ ബാധകമാകുമെന്ന ഭീതിയിലാണ് മലയോര ജനത. ഈ സാഹചര്യത്തിൽ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഇ.എസ്‌.എ പരിധിയിൽനിന്ന് ഒഴിവാക്കി വിജ്ഞാപനം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

മലയോരജനതയുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നു: ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ

നിലമ്പൂർ: ജനവാസ മേഖലകളെ ഇ.എഫ്.എല്‍ കരട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ മലയോര ജനതയുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. മലയോര കര്‍ഷകരുടെ അതിജീവനപോരാട്ടത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്നും വ്യക്തമാക്കി. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ഇ.എഫ്.എല്‍) കരട് ലിസ്റ്റില്‍ നിന്നും നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ 6 വില്ലേജുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കരുളായി പഞ്ചായത്ത് കമ്മിറ്റിയുടെ ധര്‍ണ കരുളായി ടൗണില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.

കക്കോടന്‍ നാസര്‍ ആധ്യക്ഷം വഹിച്ചു, ഇസ്മായില്‍ മൂത്തേടം മുഖ്യ പ്രഭാഷണം നടത്തി. പാലോളി മെഹബൂബ്, അനീഷ് കരുളായി, പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷീജ , യൂ പ്രേമരാജന്‍, കെ.ടി സൈതലവി , ടി സുരേഷ് ബാബു, ടി പി സിദ്ധിഖ്, ഇ. കെ ഉസ്മാന്‍, ഷീബ പൂഴിക്കുത്ത്, സലീം മുണ്ടോടന്‍, ഇര്‍ഷാദ് കക്കോടന്‍, വീരാന്‍കുട്ടി അബാളി, വി പി സൂര്യനാരായണന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Shameem VK

Web Journalist

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!