ക്രെഡിറ്റ് കാർഡിൽ ‘മിനിമം എമൗണ്ട്’ മാത്രം അടയ്ക്കാറുണ്ടോ? കാത്തിരിക്കുന്നത് വൻ കടക്കെണി; പണികിട്ടുന്നത് ഇങ്ങനെ!
കാത്തിരിക്കുന്നത് വൻ കടക്കെണി; പണികിട്ടുന്നത് ഇങ്ങനെ!
ക്രെഡിറ്റ് കാർഡ് ബിൽ വരുമ്പോൾ മുഴുവൻ തുകയും അടയ്ക്കാൻ സാധിക്കാതെ വരുന്ന ഘട്ടങ്ങളിൽ പലരും തിരഞ്ഞെടുക്കുന്ന വഴിയാണ് ‘മിനിമം എമൗണ്ട് ഡ്യൂ’ (Minimum Amount Due) മാത്രം തിരിച്ചടയ്ക്കുക എന്നത്. പെട്ടെന്നുള്ള പിഴയൊഴിവാക്കാൻ ബാങ്കുകൾ തന്നെ നൽകുന്ന ഈ സൗകര്യം പ്രയോജനപ്പെടുത്തുമ്പോൾ, നാം അറിയാതെ ചെന്നുചാടുന്നത് വലിയ സാമ്പത്തിക ബാധ്യതയിലേക്കാണെന്ന് ധനകാര്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എന്താണ് മിനിമം തുക?
ക്രെഡിറ്റ് കാർഡ് അക്കൗണ്ട് കുടിശ്ശികയാകാതെ (Overdue) നിലനിർത്താൻ ഉപഭോക്താവ് അടയ്ക്കേണ്ട ഏറ്റവും ചെറിയ തുകയാണിത്. ഉദാഹരണത്തിന്, 65,000 രൂപയുടെ ബില്ലിൽ 5 ശതമാനമായ 3,250 രൂപ മിനിമം തുകയായി അടച്ചാൽ ലേറ്റ് ഫീ ഒഴിവാക്കാം. എന്നാൽ ബാക്കി തുകയായ 61,750 രൂപ അടുത്ത മാസത്തേക്ക് നീളുകയും അതിന് ഭീമമായ പലിശ ചുമത്തപ്പെടുകയും ചെയ്യും.
“മിനിമം തുക അടയ്ക്കുന്നത് ലേറ്റ് ഫീ ഒഴിവാക്കാനുള്ള വഴി മാത്രമാണ്; അതൊരു തിരിച്ചടവ് പദ്ധതിയല്ല,” എന്ന് ‘1 ഫിനാൻസ്’ പങ്കാളി അനൂജ് മേത്ത വ്യക്തമാക്കുന്നു. പ്രതിമാസം 2.5% മുതൽ 4% വരെയാണ് ക്രെഡിറ്റ് കാർഡുകൾ ഈടാക്കുന്ന സാധാരണ പലിശ നിരക്ക്. ഇതിനു പുറമെ പലിശത്തുകയ്ക്ക് മേൽ 18 ശതമാനം ജിഎസ്ടിയും ഈടാക്കും.
5 ദിവസത്തെ കാലതാമസത്തിന് നൽകേണ്ടത് 2,500 രൂപയോളം!
ബിൽ തുക മുഴുവനായി അടയ്ക്കാതിരുന്നാൽ ക്രെഡിറ്റ് കാർഡിന്റെ പ്രധാന ആകർഷണമായ ‘പലിശരഹിത കാലാവധി’ (Interest-free period) നഷ്ടമാകും. അതോടെ, ബിൽ അടയ്ക്കാനുള്ള അവസാന തീയതി മുതലല്ല, മറിച്ച് സാധനം വാങ്ങിയ ദിവസം മുതൽ ബാക്കി തുകയ്ക്ക് പലിശ കണക്കാക്കും.
ഉദാഹരണത്തിന്, പ്രതിവർഷം 45 ശതമാനം പലിശ ഈടാക്കുന്ന ഒരു കാർഡിൽ 65,000 രൂപ കുടിശ്ശികയുള്ളയാൾ മിനിമം തുകയായ 3,250 രൂപ അടച്ച ശേഷം, ബാക്കി തുക ശമ്പളം കിട്ടി വെറും 5 ദിവസത്തിനകം തീർത്താലും പലിശയും ജിഎസ്ടിയുമായി ഏകദേശം 2,480 രൂപ അധികം നൽകേണ്ടി വരും. ഇതേ തുകയടയ്ക്കാൻ ഒരു മാസം വൈകിയാൽ അധികച്ചെലവ് 4,726 രൂപയായി ഉയരും.
പുതിയ പർച്ചേസുകൾക്കും പലിശ വീഴും
പഴയ ബില്ലിൽ കുടിശ്ശിക ബാക്കിനിൽക്കെ അതേ കാർഡ് ഉപയോഗിച്ച് വീണ്ടും ഇടപാടുകൾ നടത്തിയാൽ, പുതിയ വാങ്ങലുകൾക്കും പലിശരഹിത ആനുകൂല്യം ലഭിക്കില്ല. ഇടപാട് നടത്തുന്ന അന്നു മുതൽ തന്നെ ആ തുകയ്ക്കും പലിശ ചുമത്തിത്തുടങ്ങും. അതിനാൽ പഴയ കുടിശ്ശിക പൂർണ്ണമായി തീർക്കുന്നതുവരെ ആ കാർഡ് ഉപയോഗിക്കാതിരിക്കുകയാണ് ഉചിതം.
ക്രെഡിറ്റ് സ്കോറിനെയും ബാധിക്കാം
മിനിമം തുക കൃത്യമായി അടച്ചാൽ തിരിച്ചടവ് മുടങ്ങി എന്ന ചീത്തപ്പേര് ഒഴിവാക്കാമെങ്കിലും ക്രെഡിറ്റ് സ്കോറിനെ അത് ബാധിച്ചേക്കാം. ക്രെഡിറ്റ് ലിമിറ്റിന്റെ വലിയൊരു പങ്ക് നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് (High Credit Utilisation) സ്കോർ താഴാൻ ഇടയാക്കും. ലിമിറ്റിന്റെ 30 ശതമാനത്തിൽ താഴെ മാത്രം ഉപയോഗിക്കുന്നതാണ് സുരക്ഷിതം.
എങ്ങനെ ഒഴിവാക്കാം ഈ കെണി?
-
മുഴുവൻ തുകയും അടയ്ക്കുക: അപ്രതീക്ഷിത അടിയന്തര ഘട്ടങ്ങളിൽ പിഴ ഒഴിവാക്കാൻ മിനിമം തുക അടയ്ക്കാമെങ്കിലും അടുത്ത അവസരത്തിൽ തന്നെ ബാക്കി തുക അടച്ചുതീർക്കുക.
-
ഇഎംഐ (EMI) ആക്കി മാറ്റുക: വലിയ തുകകൾ ഒരുമിച്ച് അടയ്ക്കാൻ ബുദ്ധിമുട്ടാണെങ്കിൽ കാർഡ് കമ്പനിയുമായി ബന്ധപ്പെട്ട് കുറഞ്ഞ പലിശയിൽ ഇഎംഐ ആക്കി മാറ്റുന്നത് പരിഗണിക്കാം.
-
വ്യക്തിഗത വായ്പകൾ: ക്രെഡിറ്റ് കാർഡിലെ 40-45% പലിശയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ പലിശ നിരക്കിലുള്ള പേഴ്സണൽ ലോണുകൾ എടുത്ത് ക്രെഡിറ്റ് കാർഡ് ബാധ്യത പൂർണ്ണമായി തീർക്കുന്നത് കൂടുതൽ ലാഭകരമാണ്.
-
ഓട്ടോ-ഡെബിറ്റ് പരിശോധിക്കുക: ബാങ്ക് ആപ്പുകളിൽ ഓട്ടോ-ഡെബിറ്റ് ഓപ്ഷൻ ‘മിനിമം എമൗണ്ട്’ എന്നതിലല്ല, ‘ടോട്ടൽ എമൗണ്ട് ഡ്യൂ’ എന്നതിൽ തന്നെയാണെന്ന് ഉറപ്പുവരുത്തുക.



