
വാഷിംഗ്ടൺ: യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ സൈന്യം ആക്രമണം തുടങ്ങാൻ തൊട്ടുമുമ്പ്, ദൗത്യത്തിൽ നിന്ന് പിന്മാറാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചതായി ‘ദി ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. തന്ത്രപ്രധാനമായ ചെങ്കടൽ തീരപ്രദേശങ്ങളിൽ യെമൻ വിമതർ തങ്ങളുടെ സ്വാധീനം അതിവേഗം വ്യാപിപ്പിക്കുന്നതിനെ ചെറുക്കാൻ സൈനിക സഹായം നൽകണമെന്ന സൗദിയുടെ ആവശ്യത്തിൽ യു.എസ് പ്രസിഡന്റ് മാറിമറിഞ്ഞ തീരുമാനങ്ങളാണ് കൈക്കൊണ്ടിരുന്നത്. ഹൂതികളുടെ മുന്നേറ്റം തടയാൻ യു.എസ് ഇടപെടണമെന്ന് അഭ്യർഥിച്ച് സൗദി കിരീടാവകാശിയും യഥാർഥ ഭരണാധികാരിയുമായ മുഹമ്മദ് ബിൻ സൽമാൻ (എം.ബി.എസ്) ട്രംപുമായി ഫോണിൽ സംസാരിച്ചതോടെയാണ് വിഷയം വീണ്ടും ചൂടുപിടിച്ചത്.
എന്നാൽ ഫോൺ കോളിന് തൊട്ടുമുമ്പത്തെ ദിവസം, ഹൂതികളും സൗദിയും തമ്മിലുള്ള പോരാട്ടത്തിൽ ഭാഗഭാക്കാകാൻ താൽപ്പര്യമില്ലെന്നാണ് ട്രംപ് തന്റെ ഉപദേശകരോട് പറഞ്ഞിരുന്നത്. വ്യാഴാഴ്ച കിരീടാവകാശിയുമായി സംസാരിച്ചതിന് പിന്നാലെ മുൻനിലപാട് തിരുത്തിയ ട്രംപ്, യെമൻ വിമതർക്ക് നേരെ വ്യോമാക്രമണം നടത്താൻ പെന്റഗൺ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
എന്നാൽ ഞായറാഴ്ചയോടെ ട്രംപ് വീണ്ടും തീരുമാനം മാറ്റി. ഹൂതികൾക്ക് നേരെ തൽക്കാലം വ്യോമാക്രമണം നടത്തില്ലെന്ന് യു.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആക്രമണത്തിനുള്ള ലക്ഷ്യങ്ങൾ അംഗീകരിച്ച്, യുദ്ധവിമാനങ്ങളിൽ ബോംബുകൾ നിറച്ച്, ആദ്യഘട്ട വ്യോമാക്രമണം ആരംഭിക്കാൻ ഏതാനും നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് ട്രംപ് അവസാന നിമിഷം പിന്മാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ട്രംപിന്റെ ഈ മലക്കംമറിച്ചിലിനെക്കുറിച്ച് വൈറ്റ് ഹൗസ് ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല. എങ്കിലും, “സൗദി അറേബ്യയുമായി യു.എസിന് പ്രതിരോധ കരാറുണ്ടെന്നും തങ്ങളുടെ സഖ്യകക്ഷികളെ രാജ്യം എപ്പോഴും സംരക്ഷിക്കുമെന്നും” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇറാനുമായുള്ള സംഘർഷാവസ്ഥ നിലനിൽക്കെ, ഹൂതികൾക്കെതിരായ പോരാട്ടത്തിൽ ഏർപ്പെടുന്നതിനോട് ട്രംപിന്റെ ഉപദേശക സംഘത്തിലെ ഭൂരിഭാഗം പേർക്കും കടുത്ത എതിർപ്പുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
‘യു.എസുമായി ഏറ്റുമുട്ടില്ലെന്ന് ഹൂതികൾ’
സൗദിക്കെതിരായ ആക്രമണം ശക്തമാക്കുമ്പോഴും, അമേരിക്കയെ ആക്രമിക്കില്ലെന്ന് ഹൂതികൾ സമ്മതിച്ചിട്ടുണ്ടെന്ന് ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. ഹൂതികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും യു.എസുമായി പോരാടാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കിയതായി റിപ്പോർട്ടർ ട്രേ യിങ്സ്റ്റ് വെളിപ്പെടുത്തി. സെപ്റ്റംബർ 12-ന് അയർലൻഡ് സന്ദർശന വേളയിലും ഹൂതികൾ അമേരിക്കയെ ആക്രമിക്കാൻ മുതിരുന്നില്ലെന്ന് ട്രംപ് ആവർത്തിച്ചിരുന്നു.
റിയാദിന് മേൽ വർധിക്കുന്ന സമ്മർദ്ദം
സൗദി തലസ്ഥാനമായ റിയാദിന് നേരെ മിസൈൽ ആക്രമണം നടക്കുന്നതുൾപ്പെടെയുള്ള കടുത്ത ഭീഷണികൾ രാജ്യം നേരിടുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന വരുന്നത്. സൗദി പിന്തുണയുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള യെമൻ സർക്കാരിൽ നിന്ന് വലിയൊരു ഭൂവിഭാഗം ഹൂതികൾ പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, ഇറാനുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ട ഘട്ടത്തിലാണ് താനെന്നും, സമീപഭാവിയിൽ തന്നെ വലിയ കാര്യങ്ങൾ സംഭവിക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.



