ഉക്രെയ്ന് ‘പണി കൊടുത്ത്’ മസ്ക്; ആകാശത്തുനിന്ന് വീണത് കോടികളുടെ ഡ്രോണുകൾ; കളി മാറ്റി റഷ്യ, വെട്ടിലായി സെലൻസ്കി
ഈ പ്രശ്നം യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും ട്രംപും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്
യുഎസ് സൈനിക ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ ‘സ്റ്റാർഷീൽഡ്’ (Starshield) പണിമുടക്കിയതിനെ തുടർന്ന് ഉക്രെയ്ന്റെ 10 ലക്ഷത്തിലധികം ഡോളർ (ഏകദേശം 8 കോടിയിലധികം രൂപ) വിലമതിക്കുന്ന ഡ്രോണുകൾ തകർന്നുവീഴുകയും മൂന്ന് ദിവസത്തേക്ക് സേനാ നീക്കങ്ങൾ പൂർണ്ണമായി നിർത്തിവെക്കേണ്ടി വരികയും ചെയ്തതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. യുക്രൈൻ സൈനിക കമാൻഡർമാരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
കഴിഞ്ഞയാഴ്ച റഷ്യൻ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി നീങ്ങുകയായിരുന്ന ഡസൻ കണക്കിന് ആയുധധാരികളായ ഡ്രോണുകളുടെ വീഡിയോ തത്സമയ സംപ്രേഷണം പെട്ടെന്ന് തടസ്സപ്പെടുകയായിരുന്നുവെന്ന് ഒലെഹ് (Oleh) എന്ന ഉക്രൈനിയൻ കമാൻഡർ വ്യക്തമാക്കി. പെന്റഗൺ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്റ്റാർഷീൽഡ് സാറ്റലൈറ്റ് സേവനവുമായുള്ള ഡ്രോണുകളുടെ ഗ്രൗണ്ട് കണക്ഷൻ വിച്ഛേദിക്കപ്പെട്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഭൂരിഭാഗം ഡ്രോണുകളും നിലംപതിക്കുകയായിരുന്നു.
റഷ്യക്കെതിരായ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളുടെ ഭാഗമായി ഡോണൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. റഷ്യൻ ക്രൂഡ് ഓയിലിന്മേലുള്ള ഉപരോധങ്ങളിൽ ട്രംപ് അടുത്തിടെ ഇളവുകൾ അനുവദിക്കുകയും ചെയ്തിരുന്നു.
കണക്ഷൻ നഷ്ടപ്പെട്ടതോടെ റഷ്യൻ കമാൻഡ് പോസ്റ്റുകൾക്കും ഇന്ധന ഡിപ്പോകൾക്കും നേരെയുള്ള ആക്രമണങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ഓപ്പറേഷനുകൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കാൻ ഉക്രൈൻ നിർബന്ധിതരായി. ഈ പ്രശ്നം യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും ട്രംപും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്.
എന്താണ് സ്റ്റാർഷീൽഡ്? ഉക്രെയ്നെ ഇത് എങ്ങനെ ബാധിക്കുന്നു?
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് (SpaceX) വികസിപ്പിച്ചെടുത്ത അത്യാധുനിക മിലിട്ടറി-ഗ്രേഡ് സാറ്റലൈറ്റ് സംവിധാനമാണ് സ്റ്റാർഷീൽഡ്. സാധാരണ ആശയവിനിമയങ്ങൾക്ക് ഉക്രൈൻ സൈന്യം ഉപയോഗിക്കുന്ന സ്റ്റാർലിങ്കിനേക്കാൾ (Starlink) സുരക്ഷിതവും ശേഷിയുള്ളതുമാണിത്. യൂറോപ്യൻ രാജ്യങ്ങളാണ് ഉക്രെയ്ന്റെ സ്റ്റാർഷീൽഡ് സേവനത്തിനുള്ള പണം നൽകുന്നത്.
ഉക്രൈനിയൻ ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച്, വേഗത മണിക്കൂറിൽ 40 മൈൽ മാത്രമുള്ളപ്പോൾ പോലും തുടക്കത്തിൽ ഡ്രോണുകളുടെ കണക്ഷൻ നഷ്ടപ്പെട്ടിരുന്നു. പിന്നീട് സേവനത്തിൽ നേരിയ പുരോഗതി ഉണ്ടായെങ്കിലും മണിക്കൂറിൽ 100 മൈലിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്ന ഡ്രോണുകൾക്ക് ഇപ്പോഴും കണക്ഷൻ ലഭിക്കുന്നില്ല. റഷ്യൻ നഗര ആക്രമണങ്ങൾ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന അതിവേഗ ഇന്റർസെപ്റ്റർ ഡ്രോണുകളെയാണ് ഇത് സാരമായി ബാധിച്ചിരിക്കുന്നത്. കാരണം, റഷ്യയുടെ ജെറ്റ് ഡ്രോണുകളെ വെടിവെച്ചിടാൻ ഇതിലും ഉയർന്ന വേഗത ആവശ്യമാണ്.
ഉദ്ദേശ്യപൂർവ്വമുള്ള നിയന്ത്രണമല്ലെന്ന് യുഎസ്
ഉക്രെയ്നിലെ സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനങ്ങളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപും ഇത് സംബന്ധിച്ച ഉത്തരവാദിത്തം നിഷേധിച്ചു. എന്നാൽ സ്റ്റാർലിങ്ക് തടസ്സപ്പെട്ടത് ഒരു പരിധി വരെ ശരിയാണെന്നും എന്നാൽ അത് പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
റഷ്യൻ എണ്ണ ശുദ്ധീകരണശാലകൾ ആക്രമിച്ചതിന് കീവിനെ ശിക്ഷിക്കാനും യുദ്ധത്തിൽ ഒത്തുതീർപ്പുകൾക്ക് നിർബന്ധിതരാക്കാനുമുള്ള ആസൂത്രിത നീക്കമാണിതെന്ന് ഉക്രൈൻ ഉദ്യോഗസ്ഥർ സംശയിക്കുന്നു. സാറ്റലൈറ്റ് ബന്ധം എപ്പോൾ വേണമെങ്കിലും നിലയ്ക്കാമെന്ന ഭീതി നിലനിൽക്കുന്നതിനാൽ മറ്റ് ബദൽ സാങ്കേതിക മാർഗ്ഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഉക്രൈൻ സൈന്യം.



